ടെല്‍ അവീവ് : ഹമാസ് ബന്ദികളെയെല്ലാം വിട്ടയച്ചതിന് പിന്നാലെ ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് ഒരു യുദ്ധത്തിൻ്റെ അവസാനമല്ലെന്നും, പുതിയ പശ്ചിമേഷ്യയുടെ ചരിത്രപരമായ ഉദയമാണെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ‘ഗ്രേറ്റ് ജോബ്’ എന്ന് പറഞ്ഞ് പ്രശംസിച്ച ട്രംപ്, ബന്ദികളെ തിരിച്ചെത്തിച്ചതിൽ സന്തോഷമുണ്ടെന്നും, വെടിനിർത്തൽ കരാർ വിജയിപ്പിച്ചതിൽ അഭിമാനമുണ്ടെന്നും കൂട്ടിച്ചേർത്തു.

ഇസ്രയേലിന് ഇന്ന് അമേരിക്കയെപ്പോലെ ഒരു സുവർണ്ണകാലമുണ്ടാകുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. എന്നാൽ, ട്രംപിന്റെ പ്രസംഗത്തിനിടെ അയ്മേൻ ഒദേഹ്, ഒഫർ കാസിഫ് എന്നീ രണ്ട് പാർലമെൻ്റംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ‘വംശഹത്യ’ എന്നെഴുതിയ ബോർഡ് ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കി. ട്രംപിന്റെ വാക്കുകളെ നെസെറ്റ് വലിയ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.