ഷിം എല്‍ ഷെയ്ഖ് (ഈജിപ്ത്): ഈജിപതില്‍ നടന്ന ഗാസ സമാധാന ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും നാക്കുപിഴ. കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ ട്രംപ് ‘പ്രസിഡന്റ്’ എന്ന് അഭിസംബോധന ചെയ്തതാണ് സംഭവം. പിന്നാലെ തനിക്ക് പ്രസിഡന്റായി സ്ഥാനകയറ്റം നല്‍കിയതിന് നന്ദിയെന്ന കാര്‍ണിയുടെ വാക്കുകളും വേദിയില്‍ രസകരമായ സംഭവങ്ങള്‍ക്കിടയാക്കി.
ഗാസ സമാധാന ഉച്ചക്കോടിക്കായി ലോക നേതാക്കള്‍ ഒത്തുകൂടിയ വേദിയിലായിരുന്നു ട്രംപിന്റെ അബദ്ധം. കാനഡയെ പരാമര്‍ശിച്ച് സംസാരിക്കുന്നതിനിടെയാണ് മാര്‍ക്ക് കാര്‍ണിയെ പ്രസിഡന്റ് എന്ന് അഭിസംബോധന ചെയ്തത്. ‘കാനഡ ഇവിടെയുണ്ട്. അത് മഹത്തരമാണ്. സത്യത്തില്‍, പ്രസിഡന്റ് എന്നെ വിളിച്ചിരുന്നു, അദ്ദേഹത്തിന് ഇതിന്റെ പ്രാധാന്യം കൃത്യമായി അറിയാം. കാനഡ എവിടെയാണ്, നിങ്ങള്‍ എവിടെയാണ്?’ – അബദ്ധം പറ്റിയതറിയാതെ ട്രംപ് പറഞ്ഞു.

പ്രസംഗം കഴിഞ്ഞ് ട്രംപ് മാര്‍ക്ക് കാര്‍ണിയുമായി ഹസ്തദാനം ചെയ്യുന്നതിനിടെയാണ് ‘എന്നെ പ്രസിഡന്റായി സ്ഥാനക്കയറ്റം നല്‍കിയതിന് നന്ദി,’ എന്ന് കാര്‍ണി ചിരിയോടെ ട്രംപിനോട് പറഞ്ഞത്. ഉടന്‍ പൊട്ടിച്ചിരിച്ചുക്കൊണ്ട് കാര്‍ണിയുടെ തോളില്‍ തട്ടിക്കൊണ്ട് ‘ഓ, ഞാന്‍ അങ്ങനെ പറഞ്ഞോ?’ എന്ന് ട്രംപ് ചോദിക്കുകയും ചെയ്തു. പിന്നാലെ ജസ്റ്റന്‍ ട്രൂഡോയെ ഗവര്‍ണര്‍ എന്ന് ട്രംപ് വിളിച്ച് കാര്യം പരാമര്‍ശിച്ച് ‘കുറഞ്ഞപക്ഷം ഞാന്‍ നിങ്ങളെ ഒരു ഗവര്‍ണര്‍ എന്ന് വിളിച്ചില്ലല്ലോ, അത് മതി’ എന്ന് മറുപടി നല്‍കുകയും ചെയ്തു.
ജസ്റ്റിന്‍ ട്രൂഡോ കാനഡ പ്രധാനമന്ത്രിയായിരിക്കെയാണ് ട്രംപ് ട്രൂഡോയെ ഗവര്‍ണര്‍ എന്ന് പരാമര്‍ശിച്ചത്. 2024 ഡിസംബറിലാണ് സംഭവം. ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെയായിരുന്നു: ‘ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡയുടെ ഗവര്‍ണര്‍ ജസ്റ്റിന്‍ ട്രൂഡോയുമായി അന്ന് അത്താഴം കഴിച്ചതില്‍ സന്തോഷമുണ്ട്.’ ‘താരിഫുകളെക്കുറിച്ചും വ്യാപാരത്തെക്കുറിച്ചുമുള്ള ഞങ്ങളുടെ വിശദമായ ചര്‍ച്ചകള്‍ തുടരുന്നതിനായി ഗവര്‍ണറെ ഉടന്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതിന്റെ ഫലങ്ങള്‍ എല്ലാവര്‍ക്കും അവിശ്വസനീയമാംവിധം മികച്ചതായിരിക്കും! ഡിജെടി,’ എന്നാണ് ട്രംപ് കുറിച്ചത്.

കാനഡയെ 51-ാമത്തെ യുഎസ് സംസ്ഥാനമാക്കാനുള്ള ട്രംപിന്റെ ആശയത്തോട് ശകതമായ എതിര്‍പ്പുകള്‍ കാനഡ പ്രകടിപ്പിച്ചിട്ടും. ഉച്ചക്കോടിക്കിടെ കാര്‍ണിയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച മൊത്തത്തില്‍ സൗഹാര്‍ദ്ദപരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.