ഓട്ടവ : ഇസ്രയേൽ തടങ്കലിലെ അനുഭവം ഭീകരമായിരുന്നു എന്ന് വെളിപ്പെടുത്തി ഗാസയിലേക്ക് സഹായമെത്തിക്കാൻ പോയ കപ്പലിലെ കനേഡിയൻ പൗരന്മാർ. തങ്ങളുടെ കപ്പലായ ‘കോൺഷ്യൻസിനെ’ വളയാൻ ഇസ്രയേൽ രണ്ട് ഹെലികോപ്റ്ററുകളും നിരവധി നാവിക ബോട്ടുകളും ഉപയോഗിച്ചുവെന്ന് തടവിൽ നിന്ന് പുറത്തിറങ്ങിയ ഖുറാം മുസ്തി ഖാൻ, മസ്ക്വാസീൻ ആഗ്ന്യൂ എന്നിവർ പറഞ്ഞു. തടങ്കലിൽ വെച്ച് ആളുകളുടെ കണ്ണ് മൂടുകയും, കൈവിലങ്ങിടുകയും, മുട്ടുകുത്തിക്കുകയും, കുടിവെള്ളം നിഷേധിക്കുകയും ചെയ്തുവെന്നും ആഗ്ന്യൂ ആരോപിച്ചു.

അതേസമയം, തടങ്കലിൽ വെച്ച് താൻ നിരാഹാര സമരം നടത്തിയതായി മുസ്തി ഖാൻ അറിയിച്ചു. 2010-ൽ സമാനമായ ദൗത്യത്തിൽ 10 ആക്ടിവിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്നത് മനസ്സിലുണ്ടായിരുന്നതിനാൽ, തിരിച്ചു വന്നില്ലെങ്കിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടാണ് താൻ പോയതെന്നും അതുകൊണ്ട് ഭയം തോന്നിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് പൂർണ്ണമായി എത്തിയിട്ടില്ലെങ്കിലും ഈ ദൗത്യത്തിൽ പങ്കെടുത്തതിൽ ഒട്ടും പശ്ചാത്താപമില്ല എന്ന് ആഗ്ന്യൂ വ്യക്തമാക്കി.

മോചിതരായ ശേഷം തുർക്കി വഴിയാണ് ഇരുവരും കാനഡയിലേക്ക് മടങ്ങിയത്. തങ്ങളുടെ ആരോപണങ്ങളെല്ലാം ഇസ്രയേൽ നിഷേധിച്ചതായും ഇരുവരും പറയുന്നു. ഒക്ടോബർ 8-നാണ് മാനുഷിക സഹായവുമായി ഗാസയിലേക്ക് പോയ ഇവർ സഞ്ചരിച്ച കപ്പലിനെ ഇസ്രയേൽ സേന വളഞ്ഞത്.