വിനിപെഗ് : കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വടക്കൻ മാനിറ്റോബ കമ്മ്യൂണിറ്റിയായ നിസിചവയസിഹ്ക് ക്രീ നേഷൻ (എൻസിഎൻ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം ശനിയാഴ്ച പുലർച്ചെ മുതൽ നിസിചവയസിഹ്ക് ക്രീ നേഷനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി കമ്മ്യൂണിറ്റി അധികൃതർ അറിയിച്ചു. ഇത് തണുപ്പിൽ നിന്നും രക്ഷ നേടുന്നത് ബുദ്ധിമുട്ടിലാക്കി. ഇതോടെ പ്രായമായവരെയും മറ്റ് ദുർബലരായ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്.

എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുമായി കമ്മ്യൂണിറ്റി മാനിറ്റോബ ഹൈഡ്രോയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അടിയന്തര സഹായത്തിനായി എൻസിഎൻ ഇൻഡിജിനസ് സർവീസസ് കാനഡയെയും ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതൽ ജനറേറ്ററുകൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്മ്യൂണിറ്റി അധികൃതർ.