വാഷിങ്ടൺ : വ്യാപാര യുദ്ധം തുടരുന്നതിനിടെ, അമേരിക്കൻ ഭരണകൂടവുമായി ചർച്ച പുനഃരാരംഭിക്കുന്നതിനായി കാനഡ-യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാ വാഷിങ്ടണിലെത്തി. കഴിഞ്ഞ ആഴ്ച ആദ്യം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ചർച്ചയ്ക്ക് ശേഷം ഡൊമിനിക് ലെബ്ലാ വാഷിങ്ടണിൽ തങ്ങിയിരുന്നു. വാരാന്ത്യത്തിൽ കാനഡയിൽ തിരിച്ചെത്തിയ അദ്ദേഹം തിങ്കളാഴ്ച വീണ്ടും അമേരിക്കയിലേക്ക് മടങ്ങി. പ്രിവി കൗൺസിലിലെ ക്ലർക്ക് മൈക്കൽ സാബിയയും മന്ത്രിക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. കരാറിലെത്താൻ മുതിർന്ന യുഎസ് ഉദ്യോഗസ്ഥരുമായി ഈ ആഴ്ച ലെബ്ലാ കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹത്തിന്‍റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജീൻ-സെബാസ്റ്റ്യൻ കൊമോ അറിയിച്ചു.

അതേസമയം കഴിഞ്ഞ ആഴ്ചത്തെ കാർണി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം ടൊറൻ്റോയിൽ നടന്ന യുഎസ്-കാനഡ ഉച്ചകോടിയിൽ സംസാരിക്കവെ, കാനഡയുമായി സമഗ്ര ഓട്ടോ ഡീലിന്‍റെ സാധ്യത യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് തള്ളിക്കളഞ്ഞിരുന്നു. കാനഡ-യുഎസ്-മെക്സിക്കോ കരാറിൽ (CUSMA) ഉൾപ്പെടാത്ത എല്ലാ കനേഡിയൻ ഇറക്കുമതികൾക്കും മൊത്തത്തിലുള്ള താരിഫുകൾക്ക് പുറമേ, ട്രംപ് ഓട്ടോകൾ, സ്റ്റീൽ, അലുമിനിയം, ചെമ്പ് എന്നിവയിൽ മേഖലാ ലെവികളും ചുമത്തിയിട്ടുണ്ട്. കൂടാതെ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന സോഫ്റ്റ് വുഡ്, ഫർണീച്ചർ താരിഫുകളും നിലവിലുണ്ട്.