ന്യൂഡൽഹി : തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം ബ്രസീലിന് നൽകാമെന്ന വാഗ്ദാനവുമായി ഇന്ത്യ. സൗഹൃദ രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ നയതന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. ബ്രസീലിയൻ വൈസ് പ്രസിഡന്റ് ജെറാൾഡോ അൽക്മിൻ, പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മൊണ്ടീറോ ഫിലോ എന്നിവരുമായി ഡൽഹിയിൽ വെച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്. 25 കിലോമീറ്റർ പരിധിയിൽ ശത്രുവിമാനങ്ങളെയും ഡ്രോണുകളെയും തടയാൻ ശേഷിയുള്ളതാണ് ആകാശ് സംവിധാനം. ഈ കരാർ യാഥാർത്ഥ്യമായാൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിക്ക് വഴി തുറക്കും.

പ്രതിരോധ സഹകരണം വർധിപ്പിക്കാനും ആയുധ സംവിധാനങ്ങളുടെ സംയുക്ത വികസനത്തിനും നിർമ്മാണത്തിനുമുള്ള സാധ്യതകളും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. പിനാക്ക മൾട്ടി-ലോഞ്ച് റോക്കറ്റ് സംവിധാനം, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ എന്നിവയും ഗൾഫ്, ആസിയാൻ രാജ്യങ്ങൾക്ക് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫിലിപ്പീൻസിലേക്ക് ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഇതിനകം കയറ്റുമതി ചെയ്തിട്ടുണ്ട്. കൂടാതെ, ആകാശ് സംവിധാനത്തിന്റെ ആദ്യ വിദേശ കയറ്റുമതി നടന്നത് അർമേനിയയിലേക്കായിരുന്നു.