മൺട്രിയോൾ : കടുത്ത ചൂടും വരണ്ട കാലാവസ്ഥയും പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ കാട്ടുതീ ഭീതി വർധിച്ചതായി കെബെക്ക് ഫോറസ്റ്റ് ഫയർ പ്രൊട്ടക്ഷൻ ഏജൻസി (SOPFEU) മുന്നറിയിപ്പ് നൽകി. പോണ്ടിയാക് മുതൽ മൺട്രിയോളന്‍റെ നോർത്ത് ഷോർ വരെയുള്ള പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് അപകടസാധ്യത ഏറ്റവും കൂടുതലെന്നും ജാഗ്രത പാലിക്കണമെന്നും ഏജൻസി അറിയിച്ചു. ഒക്ടോബർ തുടക്കം മുതൽ ഈ മേഖലയിൽ 75 കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്തത്. അവയിൽ 99 ശതമാനവും മനുഷ്യരുടെ പ്രവർത്തനം മൂലമാണെന്നും ഏജൻസി പറയുന്നു. കാട്ടുതീ ഭീതി വർധിച്ച സാഹചര്യത്തിൽ സെന്‍റർ-ഡു-കെബെക്ക്, എസ്ട്രി, ലനോഡിയർ, ലാവൽ, മോണ്ടെറെജി, മൺട്രിയോൾ, ഔട്ടൗയിസ് എന്നിവിടങ്ങളിൽ ഫയർ ബാൻ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെങ്കിലും, വൈൽഡ്‌ലാൻഡ് ഫയർഫൈറ്റർമാർ ഉൾപ്പെടെ മിക്ക സീസണൽ ജീവനക്കാരും ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് SOPFEU അറിയിച്ചു. സമീപ ദിവസങ്ങളിൽ താപനില കുറഞ്ഞിട്ടുണ്ടെങ്കിലും, കാര്യമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല, പ്രത്യേകിച്ച് തെക്കുപടിഞ്ഞാറൻ മേഖലയിൽ വ്യാപകമായ വരൾച്ച നിലനിൽക്കുന്നു, SOPFEU പറയുന്നു. ഉപേക്ഷിച്ച സിഗരറ്റ് കുറ്റികൾ, ക്യാമ്പ് ഫയർ, ഓഫ്-റോഡ് വാഹനങ്ങൾ (എടിവികൾ) തുടങ്ങിയവയാണ് കാട്ടുതീ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെന്ന് ഏജൻസി അറിയിച്ചു.
