ഓട്ടവ : കനേഡിയൻ ഡെന്‍റൽ കെയർ പ്ലാൻ (CDCP) അംഗങ്ങളിൽ ഏകദേശം ഒരു ശതമാനം പേർ ഈ പ്രോഗ്രാമിന് യോഗ്യരല്ലെന്ന് ഹെൽത്ത് കാനഡ. യോഗ്യത നിർണ്ണയത്തിൽ ചില അപേക്ഷകരുടെ വരുമാനം എങ്ങനെ കണക്കാക്കി എന്നതിലെ പിശകാണ് ഇതിനു കാരണമെന്നും ആരോഗ്യ ഏജൻസി പറയുന്നു. ഒക്ടോബർ 3 വരെ ഏകദേശം 70,000 സജീവ അംഗങ്ങൾ അയോഗ്യരാണെന്ന് കണ്ടെത്തിയതായും അവരിൽ 28,000 പേർക്ക് ഇതിനകം ദന്ത പരിചരണം ലഭിച്ചിട്ടുണ്ടെന്നും ഹെൽത്ത് കാനഡ അറിയിച്ചു.

അതേസമയം സിഡിസിപി കവറേജിലെ മാറ്റങ്ങൾ ബാധിച്ച കനേഡിയൻ പൗരന്മാരെ ഒക്ടോബർ 17 മുതൽ വിവരം അറിയിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഒക്ടോബർ 24 ന് മുമ്പ് ദന്ത പരിചരണത്തിനായി ലഭിച്ച തുക തിരിച്ചടയ്‌ക്കേണ്ടതില്ല. കൂടാതെ മൈ സർവീസ് കാനഡ അക്കൗണ്ട് (MSCA) ഇല്ലാത്ത CDCP അംഗങ്ങൾ അവരുടെ കവറേജുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് MSCA അക്കൗണ്ട് ഉണ്ടാക്കണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.

2023 ഡിസംബറിൽ ആരംഭിച്ച CDCP, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഇൻഷുറൻസ് ഇല്ലാത്ത കനേഡിയൻ പൗരന്മാർക്ക് ദന്ത പരിചരണം ലഭ്യമാക്കുന്നു. 55 ലക്ഷത്തിലധികം കനേഡിയൻ പൗരന്മാർക്ക് നിലവിൽ പദ്ധതി പ്രകാരം കവറേജ് ലഭിക്കുന്നുണ്ട്. കൂടാതെ മുപ്പത് ലക്ഷത്തിലധികം പേർക്ക് ഇതിനകം പരിചരണം ലഭിച്ചിട്ടുണ്ട്.
