കാൽഗറി : ശക്തമായ മത്സരം നടന്ന കാൽഗറി മേയർ തിരഞ്ഞെടുപ്പിൽ റീകൗണ്ടിങ് ആവശ്യപ്പെട്ട് കമ്മ്യൂണിറ്റീസ് ഫസ്റ്റ് മേയർ സ്ഥാനാർത്ഥി സോണിയ ഷാർപ്പ്. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ജെറോമി ഫാർക്കാസിനോട് വെറും 585 വോട്ടുകൾക്കാണ് സോണിയ പരാജയപ്പെട്ടത്. സിറ്റി ചീഫ് റിട്ടേണിങ് ഓഫീസർക്ക് റീകൗണ്ടിങ് അപേക്ഷ സമർപ്പിക്കുമെന്നും അവർ അറിയിച്ചു. ഇലക്ഷൻസ് കാൽഗറിയിൽ നിന്നുള്ള അനൗദ്യോഗിക ഫലപ്രകാരം ജെറോമി ഫാർക്കാസ് 91,065 വോട്ടുകളും സോണിയ ഷാർപ്പ് 90,480 വോട്ടുകളുമാണ് നേടിയത്. നിലവിലെ മേയർ ജ്യോതി ഗോണ്ടെക് 71,397 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.

ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ സ്ഥാനാർത്ഥിയുമായി രണ്ടാമത് എത്തിയ സ്ഥാനാർത്ഥിക്ക് ഒരു പോളിങ് സ്റ്റേഷനിലെ മൊത്തം വോട്ടുകളുടെ 0.5 ശതമാനത്തിനുള്ളിൽ കൂടുതൽ വ്യത്യാസം ഉണ്ടെങ്കിൽ, റീകൗണ്ടിങ് ആവശ്യപ്പെടാമെന്ന് ഇലക്ഷൻസ് കാൽഗറി പറയുന്നു. 585 വോട്ടുകളുടെ ഭൂരിപക്ഷം വെറും 0.16 ശതമാനമാണെന്ന് സോണിയ പറയുന്നു. റീകൗണ്ടിങ് പൂർത്തിയാകുന്നതുവരെ കൂടുതൽ പ്രസ്താവനകൾ പുറപ്പെടുവിക്കുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്യില്ലെന്ന് സോണിയ ഷാർപ്പ് അറിയിച്ചു.
