ഓഷവ: 15 വയസ്സുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും തുടര്‍ന്ന് ലൈംഗിക കച്ചവടത്തിന് ഉപയോഗിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ഓഷവയിൽ നിന്നുള്ള യുവാവിനെയും യുവതിയെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് കേസിനാസ്‌പദമായ സംഭവം. കിമെറോൺ കമാൽ ഗ്രാന്റ് (29), ഡെസിറേ ബെയ്‌ലി (21) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവർക്കെതിരെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട് യോർക്ക് റീജനൽ പോലീസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് കുറ്റം തെളിഞ്ഞത്.

ഒരു കോഫി ഷോപ്പിൽ വെച്ചാണ് യുവാവ് പെൺകുട്ടിയെ കണ്ടത്. തുടർന്ന് പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റുകയും തന്ത്രപൂർവം ഫോൺ കൈക്കലാക്കി ഓഷവയിലെ തൻ്റെ വസതിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇതിനിടെയാണ് ഡെസീറേയെ വിളിക്കുന്നതും പെൺകുട്ടിയെ കൂടുതൽ ഉപദ്രവിക്കാനുള്ള സാഹചര്യങ്ങൾ ആസൂത്രണം ചെയ്‌തതും. ഇവർക്കെതിരെ പരാതി ലഭിച്ച പൊലീസ് ഓഷവയിലെ ആർട്ടിക് റെഡ് ഡ്രൈവിനും സെക്രട്ടോ ഡ്രൈവിനും സമീപമുള്ള വീട്ടിൽ തെരച്ചിൽ നടത്തിയപ്പോഴാണ് അടച്ചുപൂട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.
