ഓട്ടവ: ഏഷ്യയിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനവേളയിൽ കാനഡയുടെ സാമ്പത്തിക താത്പര്യങ്ങൾ മുൻനിറുത്തി പ്രധാനമന്ത്രി മാർക് കാർണി പ്രാദേശികനയം പുതുക്കണമെന്ന് മന്ത്രി അനിതാ ആനന്ദ്. മൂന്നുവർഷം മുമ്പ് ട്രൂഡോ സർക്കാർ കൊണ്ടു വന്ന പ്രാദേശിക നയം കാലാഹരണപ്പെട്ടതാണെന്നും മാറ്റങ്ങളെ ഉൾക്കൊണ്ട് ഇന്തോ പസഫിക് തന്ത്രങ്ങളിലുൾപ്പെടെ മാറ്റം കൊണ്ടുവരണമെന്നും അവർ പറഞ്ഞു. ഇപ്പോഴുള്ള നയം കാനഡയുടെ സാമ്പത്തിക താത്പര്യങ്ങളെ മുൻനിറുത്തിയുള്ളതല്ല. നിലവിലുള്ള വ്യാപാര കരാറുകൾ വഴി ഏഷ്യൻ വിപണികളിലേക്കുള്ള കാനഡയുടെ പ്രവേശനം കൃത്യമായ അളവുകോലിലായിരിക്കണം. 2022ൽ കാര്യങ്ങൾ മികച്ചതായിരുന്നെങ്കിലും പിന്നീട് മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്ക് മാറ്റം വന്നു. ചൈനയുമായും ഇന്ത്യയുമായുള്ള കാനഡയുടെ വ്യാപാരം സമീപവർഷങ്ങളിൽ വർദ്ധിച്ചിട്ടുണ്ടെന്നും ഇരുരാജ്യങ്ങളുമായുള്ള ബന്ധം വളരെ വ്യത്യസ്തമാണെന്നും വിദേശ കാര്യമന്ത്രി ചൂണ്ടിക്കാട്ടി.

തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ കാര്യത്തിൽ തിരുത്തി മുന്നേറുകയാണ് കാനഡയെന്ന് വ്യക്തമാക്കുന്നതാണ് അനിതാ ആനന്ദിൻ്റെ വാക്കുകൾ. മൂന്ന് വർഷം മുമ്പ് ഒരിക്കലും പൊരുത്തപ്പെടാത്ത ‘വിനാശകരമായ ആഗോള ശക്തി’യായാണ് ചൈനയെ വിലയിരുത്തിയതെങ്കിൽ ഇപ്പോൾ തന്ത്രപരമായ പങ്കാളിയായാണ് ഇപ്പോൾ ചൈനയെ കാനഡ പരിഗണിക്കുന്നത്. രണ്ട് വർഷത്തെ നയതന്ത്ര പിരിമുറുക്കങ്ങൾക്കും പ്രശ്‌നങ്ങൾക്കും ശേഷം ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും ഇന്ത്യയുമായുള്ള അടുപ്പം പുതുക്കുന്നതുമായി ബന്ധപ്പെട്ട് അനിത ആനന്ദ് ഈയടുത്ത് ബീജിംഗും ന്യൂഡൽഹിയും സന്ദർശിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി പ്രഖ്യാപിച്ച അതേ മാസം തന്നെ വ്യാപാര പങ്കാളികളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിലാവണം കാനഡയുടെ ലക്ഷ്യമെന്ന് മാർക് കാർണിയുമായി താൻ സംസാരിച്ചിരുന്നതായും അവർ വെളിപ്പെടുത്തി.
