മെസിയും സംഘവും നവംബറില്‍ കേരളത്തിലേക്കില്ല. കേരളം സജ്ജമായില്ലെന്ന് അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബറില്‍ അങ്കോളയില്‍ മാത്രമാണ് മത്സരമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. നവംബര്‍ 17ന് കേരളത്തില്‍ മത്സരം നടക്കുമെന്ന് സ്‌പോണ്‍സര്‍മാരും സംസ്ഥാന സര്‍ക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്.
മെസ്സി വരില്ലെന്ന് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിനും ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചു. മറ്റൊരു വിന്‍ഡോയില്‍ വന്നേക്കാം എന്നും പ്രഖ്യാപനം. ഫിഫയില്‍ നിന്നുള്ള അനുമതി കിട്ടാത്തതാണ് അര്‍ജന്റീന വരാത്തതിന് പിന്നില്‍ എന്ന് സ്‌പോണ്‍സര്‍ പറയുന്നു. ‘ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലാതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ എഎഫ്എയുമായുള്ള ചര്‍ച്ചയില്‍ ധാരണ. കേരളത്തില്‍ കളിക്കുന്നത് അടുത്ത വിന്‍ഡോയില്‍. പ്രഖ്യാപനം ഉടന്‍’ എന്നാണ് സ്പോണ്‍സറുടെ ഫേസ്ബുക്ക് പോസ്റ്റ്.

അര്‍ജന്റീന കൊച്ചിയില്‍ വന്ന് ഓസ്‌ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു മത്സരത്തിനിറങ്ങുന്നതായി അര്‍ജന്റീനയുടെയോ ഓസ്‌ട്രേലിയയുടെയോ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ സ്ഥിരീകരിച്ചിരുന്നില്ല. നേരത്തെ അര്‍ജന്റീന മാധ്യമങ്ങള്‍ പറഞ്ഞിരുന്നത് മാര്‍ച്ചില്‍ നടക്കുന്ന വിന്‍ഡോയില്‍ ഇന്ത്യയിലേക്ക് വന്നേക്കാമെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
