ഓട്ടവ : യുഎസ്-കാനഡ അതിർത്തി പങ്കിടുന്ന ഹാസ്‌കെൽ ഫ്രീ ലൈബ്രറിയിലെ പ്രവേശന ക്രമീകരണം പുതുക്കാൻ യുഎസ് ഭരണകൂടം. സ്റ്റാൻസ്റ്റെഡ് (കെബെക്ക്), ഡെർബി ലൈൻ (വെർമോണ്ട്) എന്നീ പട്ടണങ്ങളെ ബന്ധിപ്പിച്ചിരുന്ന ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, സൗഹൃദത്തിന്റെ പ്രതീകമായ ലൈബ്രറിയിലേക്കുള്ള വാതിലാണ് ഇതോടെ അടഞ്ഞത്. ലൈബ്രറിയുടെ കനേഡിയൻ ഭാഗത്ത് താമസിക്കുന്നവർക്ക് കസ്റ്റംസ് പരിശോധനയില്ലാതെ യുഎസ് ഭാഗത്തെ ലൈബ്രറിയിലേക്ക് പ്രവേശിക്കാൻ മുൻപ് കഴിയുമായിരുന്നു. അതിർത്തി കടന്നുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ വേണ്ടിയാണ് നടപടിയെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ഇതേത്തുടർന്ന് കാനഡക്കാർക്ക് പ്രവേശിക്കാൻ ലൈബ്രറിയുടെ വശത്തായി പുതിയ കവാടം നിർമ്മിക്കാനും ധാരണയായി.

അതേസമയം, ട്രംപിന്റെ ഈ നടപടി ഇരുപക്ഷത്തെയും ചൊടിപ്പിച്ചതായി ലൈബ്രറി ട്രസ്റ്റി ബോർഡ് പ്രസിഡന്റ് സിൽവി ബൗഡ്രോ പറഞ്ഞു. എന്നാൽ, ലൈബ്രറിയിലെ ഈ മാറ്റങ്ങൾ തങ്ങളുടെ പ്രാദേശിക സൗഹൃദബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയെന്നും സിൽവി ബൗഡ്രോ കൂട്ടിച്ചേർത്തു. ഈ മാറ്റം, ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള ബന്ധത്തിലെ വിശ്വാസക്കുറവിനെ സൂചിപ്പിക്കുന്നുവെന്നായിരുന്നു പ്രദേശവാസികളുടെ പ്രതികരണം. യുഎസ്-കാനഡ ബന്ധം ഇനി ഒരിക്കലും പഴയതുപോലെയാകില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
