റായ്പുര്‍: പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാരോപിച്ച് ഛത്തീസ്ഗഢിലെ ബിജാപുരില്‍ മാവോയിസ്റ്റുകള്‍ രണ്ട് ഗ്രാമീണരെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സൈന്യത്തിലെ ജവാന്റെ സഹോദരനും മറ്റൊരാള്‍ പോലീസില്‍ ചേരാന്‍ പരിശീലനം നടത്തുന്ന ആളുമായിരുന്നു. രവി കട്ടം (25), തിരുപ്പതി സോദി (38) എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ബിജാപുര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള നെലകാങ്കര്‍ എന്ന വിദൂര ഗ്രാമത്തിലാണ് സംഭവം. കൊലപാതകം വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏകദേശം 1015 മാവോയിസ്റ്റുകളടങ്ങുന്ന ഒരു കൂട്ടം ഇവരുടെ വീട് വളഞ്ഞ് പുറത്തുവരാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീടുകളുടെ മുന്നില്‍ വച്ച് തന്നെ ഇവരെ കൊലപ്പെടുത്തി.
പോലീസ് ഉദ്യോഗാര്‍ത്ഥിയായ രവി പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്കായി ബസ്തര്‍ ടൗണിലേക്ക് പോകുന്നത് വിവരങ്ങള്‍ ഒറ്റിക്കൊടുക്കുന്നതിനാണെന്ന് സംശയിച്ചാണ് കൊല. കൊലപാതകങ്ങളുടെ ഉത്തരവാദിത്തം നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യുടെ സൗത്ത് ബസ്തര്‍ ഡിവിഷന്റെ പാമേഡ് ഏരിയ കമ്മിറ്റി ഏറ്റെടുത്തു. ഈ വര്‍ഷം മാത്രം മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ 41 സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
