പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മാനനഷ്ടക്കേസ് നൽകി കുടുംബം. 65ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സി.പി.എം നേതാവ് പി.പി. ദിവ്യയ്ക്കും പ്രശാന്തനുമെതിരെ കേസ് ഫയൽ ചെയ്തത്. പത്തനംതിട്ട സബ് കോടതി രണ്ടുപേർക്കും നോട്ടിസ് അയച്ചു. ഹർജി അടുത്ത മാസം പരിഗണിക്കും. എ.ഡി.എമ്മിനെ അഴിമതിക്കാരനായി ചിത്രീകരിച്ചെന്നാണ് ഹരജിയിലെ വാദം.

2024 ഒക്ടോബർ 15നു പുലർച്ചെയാണ് നവീൻ ബാബുവിനെ കണ്ണൂർ നഗരത്തിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെട്രോൾ പമ്പിന്റെ അപേക്ഷയിൽ നടപടിയെടുത്തില്ലെന്ന ആരോപണവുമായി അന്ന് ജില്ലാ പ്രസിഡന്റായിരുന്ന പി.പി.ദിവ്യ പരസ്യമായി അദ്ദേഹത്തെ അധിക്ഷേപിച്ചിരുന്നു. പരിയാരം ഗവ.മെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനായിരുന്ന ടി.വി.പ്രശാന്തന്റെ പേരിലാണു പെട്രോൾ പമ്പിന് അപേക്ഷ നൽകിയിരുന്നത്. എൻ.ഒ.സി ലഭിക്കാൻ നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലി നൽകിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം.
