ടൊറന്റോ: വേള്‍ഡ് സിരീസ് ഹോം ഗെയിംസിനോടനുബന്ധിച്ച് അധിക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് മെട്രോലിങ്ക്സ്. കിച്ചനര്‍, മില്‍ട്ടണ്‍ ലൈനുകളിലാണ് അധിക സര്‍വീസ്. റോജേഴ്‌സ് സെന്ററില്‍ നിന്നുള്ള ആരാധകരെ ലക്ഷ്യമിട്ട്, ശനിയാഴ്ച രാത്രിക്ക് ശേഷമുള്ള രണ്ട് ട്രിപ്പുകളും ഗെയിമിന് മുന്‍പുള്ള ഒരു ട്രിപ്പുമാണ് മെട്രോലിങ്ക്‌സ് ചേര്‍ത്തിരിക്കുന്നത്.
പുതിയ യാത്രാ ക്രമം ഇങ്ങനെ:
കിച്ചനര്‍ ലൈന്‍: യൂണിയന്‍ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 12:35 ന് (ഞായറാഴ്ച) ഒരു അധിക ട്രെയിന്‍ സര്‍വീസ് പുറപ്പെടും. കിച്ചനര്‍ GO വരെയുള്ള എല്ലാ സ്റ്റോപ്പുകളിലും ഇത് നിര്‍ത്തും. പുലര്‍ച്ചെ 2:27 ന് ട്രെയിന്‍ കിച്ചനറില്‍ എത്തിച്ചേരും.

മില്‍ട്ടണ്‍ ലൈന്‍:
പോസ്റ്റ്-ഗെയിം സര്‍വീസ്: യൂണിയന്‍ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 12:30 ന് ഒരു അധിക ട്രെയിന്‍ പുറപ്പെടും. ഇത് മില്‍ട്ടണ്‍ GO വരെയുള്ള എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തുകയും പുലര്‍ച്ചെ 1:30 ന് എത്തിച്ചേരുകയും ചെയ്യും.
പ്രീ-ഗെയിം സര്‍വീസ്: ഗെയിമിനായി വരുന്ന ആരാധകര്‍ക്കായി, വൈകുന്നേരം 5:44 ന് മില്‍ട്ടണ്‍ GO-യില്‍ നിന്ന് യൂണിയന്‍ സ്റ്റേഷനിലേക്ക് ഒരു ട്രെയിന്‍ പുറപ്പെടും. ഇത് എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തി 6:47 ന് യൂണിയന്‍ സ്റ്റേഷനില്‍ എത്തും.
കളി കണക്കിലെടുത്ത് ലേക്ഷോര്‍ വെസ്റ്റ് ലൈനില്‍ നടക്കാനിരുന്ന ട്രാക്ക് അറ്റകുറ്റപ്പണികള്‍ മെട്രോലിങ്ക്സ് മാറ്റി വെച്ചു. അതിനാല്‍, ആരാധകര്‍ക്ക് കളിക്ക് വരാനും പോകാനുമായി ഈ ലൈനില്‍ ശനിയാഴ്ച ട്രെയിനുകള്‍ കൂടെക്കൂടെ സര്‍വീസ് നടത്തും.
ബ്ലൂ ജെയ്സ് ഗെയിം ഇല്ലാത്തതിനാല്‍ ഞായറാഴ്ച ലേക്ഷോര്‍ ഈസ്റ്റ്, ലേക്ഷോര്‍ വെസ്റ്റ് ലൈനുകളിലെ ട്രെയിനുകള്‍ സാധാരണ ഷെഡ്യൂളിലേക്ക് മടങ്ങും.
