വാഷിങ്ടൺ : പാക്കിസ്ഥാനുമായുള്ള തന്ത്രപരമായ ബന്ധം വികസിപ്പിക്കാനുള്ള യുഎസിന്റെ ശ്രമങ്ങൾ ഇന്ത്യയുമായുള്ള സൗഹൃദത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയും യുഎസുമായുള്ള ബന്ധം ആഴത്തിലുള്ളതും ചരിത്രപരവും പ്രധാനപ്പെട്ടതുമാണ്. പക്വവും പ്രായോഗികവുമായ വിദേശ നയത്തിൻ്റെ ഭാഗമാണിത്. യുഎസുമായി ശത്രുതയിലുള്ള രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് പോലും ബന്ധങ്ങളുണ്ട്. അടുത്തിടെ ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിൻ്റെ അവകാശവാദം ഇന്ത്യ തള്ളിയതിനെ തുടർന്നുണ്ടായ ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾക്കിടയിലാണ് പാക്കിസ്ഥാൻ യുഎസുമായി അടുക്കാൻ ശ്രമിക്കുന്നത്.

ട്രംപ് ഭരണകൂടം പാക്കിസ്ഥാനുമായി തന്ത്രപരമായ പങ്കാളിത്തം പുനഃസ്ഥാപിക്കുന്നതിൽ താൽപ്പര്യമുള്ളവരാണെന്നും, ഇന്ത്യ-പാക്ക് പ്രശ്നമുണ്ടാകുന്നതിനു മുമ്പുതന്നെ പാക്കിസ്ഥാനുമായി യുഎസ് ചർച്ചകൾ നടത്തിയിരുന്നുവെന്നും റൂബിയോ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചുള്ള വെല്ലുവിളികളെക്കുറിച്ച് പൂർണ ബോധ്യമുണ്ടെങ്കിലും, സാധ്യമായ സമയങ്ങളിൽ മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധത്തിന് അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ജോലി. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ പാക്കിസ്ഥാനുമായി സഹകരിച്ചതിൻ്റെ നീണ്ട ചരിത്രം യുഎസിനുണ്ട്. ഈ സഹകരണം ഇനിയും വികസിപ്പിക്കാനാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
