പാരിസ് : പ്രശസ്ത പോപ്പ് ഗായിക കാറ്റി പെറിയും കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സജീവമാകുന്നു. ഒക്ടോബർ 25 ശനിയാഴ്ച രാത്രി ഇരുവരും പാരിസിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരുടെയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. കാറ്റി പെറിയുടെ 45-ാം ജന്മദിനം ആഘോഷിക്കുന്നതിനായാണ് ഫ്രഞ്ച് തലസ്ഥാനത്ത് ഇരുവരും ഒരുമിച്ചെത്തിയത്. റൊമാന്റിക് അന്തരീക്ഷത്തിന് പേരുകേട്ട പാരിസിൽ ഇവർ കൈകോർത്ത് നടന്നുപോകുന്ന ദൃശ്യങ്ങൾ മാധ്യമശ്രദ്ധ ആകർഷിച്ചു.

ട്രൂഡോയും പെറിയും പാരിസിലെ പ്രശസ്തമായ ‘ക്രേസി ഹോഴ്സ് പാരിസ്’ എന്ന കാബറെ ഷോയിൽ ഒരുമിച്ചാണ് പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഷോയ്ക്ക് ശേഷം ഇരുവരും കൈകോർത്ത് പുറത്തേക്ക് വരുന്നും ദൃശ്യങ്ങളിൽ കാണാം. ഏതാനും ആഴ്ചകൾക്ക് മുൻപ് കാലിഫോർണിയൻ തീരത്തുള്ള പെറിയുടെ യാട്ടിൽ വെച്ച് ഇവർ ചുംബിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കൂടാതെ, ജൂലൈയിൽ മൺട്രിയോളിൽ നടന്ന അത്താഴവിരുന്നിലും ഇരുവരും ഒരുമിച്ചിരുന്നു. മുൻപ് പലതവണ ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
