വാഷിങ്ടൺ : യുഎസ് നാവികസേനയുടെ യുദ്ധവിമാനവും ഹെലികോപ്റ്ററും സൗത്ത് ചൈനാ കടലിൽ തകർന്നു വീണു. മേഖലയിൽ വിന്യസിച്ചിട്ടുള്ള യുഎസ്എസ് നിമിറ്റ്‌സ് (USS Nimitz) വിമാനവാഹിനിക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്-18 ഫൈറ്റർ ജെറ്റും എംഎച്ച്-60ആർ സീഹോക്ക് ഹെലികോപ്റ്ററുമാണ് അപകടത്തിൽപ്പെട്ടത്. പതിവ് പ്രവർത്തനങ്ങൾക്കിടെ വ്യത്യസ്ത സമയങ്ങളിലായാണ് രണ്ട് സംഭവങ്ങളും നടന്നതെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു.

അപകടവിവരം അറിഞ്ഞ ഉടൻ തന്നെ സമീപ കപ്പലുകളിൽ നിന്നും വിമാനങ്ങളിൽ നിന്നും രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരു വിമാനങ്ങളിലെയും എല്ലാ ജീവനക്കാരെയും സുരക്ഷിതമായി വെള്ളത്തിൽ നിന്ന് രക്ഷിച്ചതായി അധികൃതർ വ്യക്തമാക്കി. അപകടങ്ങൾ പരസ്പരം ബന്ധമില്ലാത്തതാണെന്നും, സാങ്കേതികമോ പ്രവർത്തനപരമോ ആയ പ്രശ്‌നങ്ങളാണ് തകർച്ചയ്ക്ക് കാരണമെന്നും നാവികസേന അറിയിച്ചു. ശത്രുതാപരമായ പ്രവർത്തനങ്ങൾ ഒന്നും അപകടത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
