ഹാലിഫാക്സ് : നോവസ്കോഷയിലെ ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർക്ക് മെച്ചപ്പെട്ട പരിചരണം നൽകുന്നതിനായി പുതിയ കമ്മ്യൂണിറ്റി ക്ലിനിക്ക് തുറക്കാനൊരുങ്ങി ഡൽഹൗസി യൂണിവേഴ്സിറ്റി. ഹാലിഫാക്സിലെ ഫെൻവിക്ക് മെഡിക്കൽ സെൻ്ററിൽ പ്രവർത്തിക്കുന്ന ഈ ക്ലിനിക്ക്, ബയോഫാർമ കമ്പനിയായ GSK കാനഡയിൽ നിന്നുള്ള 3 ലക്ഷം ഡോളറിൻ്റെ നിക്ഷേപത്തോടെയാണ് ആരംഭിക്കുന്നത്.

മിതമായ ശ്വാസകോശ പ്രശ്നങ്ങളുള്ള രോഗികളുടെ ആരോഗ്യസ്ഥിതി വഷളാകാതിരിക്കാൻ ഒരു സഹായമെന്നോണമാണ് ക്ലിനിക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ആശുപത്രികളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും. സ്പൈറോമെട്രി ടെസ്റ്റിങ്, പുകവലി നിർത്തലാക്കാനുള്ള പിന്തുണ, വാക്സിനേഷൻ സേവനങ്ങൾ, ഇൻഹേലർ ഉപയോഗത്തെക്കുറിച്ചുള്ള പരിശീലനം, ഫോളോ-അപ്പ് പരിചരണം തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാകും. രോഗികൾക്ക് സേവനം നൽകുന്നതിനോടൊപ്പം, റെസ്പിറേറ്ററി കെയർ പ്രൊഫഷണലുകൾക്ക് പരിശീലനം നൽകുന്ന ഒരു പ്രധാന കേന്ദ്രമായും ഇത് പ്രവർത്തിക്കും. വിദ്യാർത്ഥികൾക്ക് ലൈസൻസുള്ള തെറാപ്പിസ്റ്റുകളുടെ മേൽനോട്ടത്തിൽ പ്രായോഗിക പരിശീലനം നേടാൻ ഇത് അവസരം നൽകും.

ശ്വാസകോശ കാൻസർ, ആസ്ത്മ, സിഒപിഡി (COPD) പോലുള്ള രോഗങ്ങൾ കാനഡയിൽ വ്യാപകമാണ്. ഇതിൽ ശ്വാസകോശ കാൻസറിൻ്റെ നിരക്ക് നോവസ്കോഷയിലാണ് ഏറ്റവും കൂടുതൽ. കൂടാതെ, കാലാവസ്ഥാ മാറ്റങ്ങൾ മൂലമുള്ള കാട്ടുതീ ഭീഷണിയും പുകവലിക്കാരുടെ ഉയർന്ന നിരക്കും ആരോഗ്യരംഗത്തിന് വെല്ലുവിളിയാകുന്നുണ്ട്.
