ക്വാലലംപുര്‍: തായ്ലന്ഡും കംബോഡിയയും സമാധാന കരാര്‍ ഒപ്പിട്ടു. വെടിനിര്‍ത്തല്‍ നീട്ടിക്കൊണ്ടുള്ള ഔദ്യോഗിക കരാറാണ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സജീവമായി ഇടപെട്ട ട്രംപിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ഒപ്പിട്ടത്. കഴിഞ്ഞ ജൂലൈയിലാണ് കംബോഡിയ – തായ്ലന്ഡ് സംഘര്‍ഷമാണ് ഉണ്ടായത്.
കംബോഡിയ പ്രധാനമന്ത്രി ഹുന്‍ മാനെറ്റും തായ്ലന്ഡ് പ്രധാനമന്ത്രി അനുതിന്‍ ചാണ്‍വീരാകോളുമാണ് കരാറില്‍ ഒപ്പുവച്ചത്. കംബോഡിയ-തായ്ലന്ഡ് സംഘര്‍ഷം രൂക്ഷമാകുകയായിരുന്നെന്നും പെട്ടെന്നു തന്നെ താനിടപെട്ട് അവസാനിപ്പിച്ചെന്നും ട്രംപ് പറഞ്ഞു. ‘ക്വാലലംപുര്‍ പീസ് എകോഡ്സ്’ എന്നാണ് ട്രംപ് ഈ കരാറിനെ വിശേഷിപ്പിച്ചത്.

കരാര്‍ അനുസരിച്ച്, സംഘര്‍ഷകാലത്തു തടവിലാക്കിയ 18 കംബോഡിയന്‍ സൈനികരെ തായ്ലന്ഡ് മോചിപ്പിക്കും. ഇരുരാജ്യങ്ങളുമായും മലേഷ്യയുമായും യുഎസ് വ്യാപാരകരാര്‍ ഒപ്പിട്ടതായും ട്രംപ് വ്യക്തമാക്കി. ജപ്പാനും ദക്ഷിണ കൊറിയയും കൂടി സന്ദര്‍ശിച്ച ശേഷമാണ് ട്രംപ് മടങ്ങുക. ഇതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
