ഇസ്ലാമാബാദ്: ദിവസങ്ങളുടെ മാത്രം ഇടവേളയ്ക്കൊടുവില്‍ അഫ്ഗാനിസ്ഥാന്-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടതായും പാക്ക് സൈന്യം അറിയിച്ചു. സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇസ്താംബുളില്‍ സമാധാന ചര്‍ച്ച നടക്കുന്നതിനിടെയാണ് വീണ്ടും എറ്റുമുട്ടല്‍.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണം ഉള്‍പ്പെടെയുള്ള പ്രധാന സുരക്ഷാ വിഷയങ്ങളില്‍ താലിബാന് യുക്തിരഹിതമായ നിലപാട് സ്വീകരിക്കുന്നതായി പാക്കിസ്ഥാന്. ഇതോടെ, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനില്‍ നിന്നു ഭീകരര്‍ തങ്ങളുടെ കുറാം, വടക്കന്‍ വസിരിസ്ഥാന്‍ ജില്ലകളിലേക്കു നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പാക്ക് സൈന്യം പറയുന്നു. സ്വന്തം മണ്ണില്‍ നിന്ന് ഭീകരവാദം ഇല്ലാതാക്കുമെന്ന അഫ്ഗാന് സര്‍ക്കാറിന്റെ വാദങ്ങളില്‍ സംശയമുണര്‍ത്തുന്നതാണ് നുഴഞ്ഞുകയറ്റമെന്നും പാക് സൈന്യം ചൂണ്ടിക്കാട്ടുന്നു.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമായുള്ള രണ്ടാം വട്ട ചര്‍ച്ചകള്‍ തുര്‍ക്കിയില്‍ നടക്കുകയാണ്. ഭീകരവാദത്തെ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ യുദ്ധമെന്ന മാര്‍ഗം മുന്നിലുണ്ടെന്ന് പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പാക്ക്-അഫ്ഗാന് സംഘര്‍ഷത്തില്‍ നിരവധി സൈനികരാണ് ഇരുപക്ഷത്തും മരിച്ചത്. ഒക്ടോബര്‍ 19ന് ഖത്തറിന്റെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലുണ്ടായത്.
