ന്യൂഡല്‍ഹി: ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിന്റെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിന് നിലവിലെ ചീഫ് ജസ്റ്റിസ് ബി. ആര്. ഗവായ് കൈമാറി. പുതിയ ചീഫ് ജസ്റ്റിസിൻ്റെ പേര് നിർദ്ദേശിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ബി. ആര്. ഗവായിക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജസ്റ്റിസാണ് സൂര്യകാന്ത്. നവംബര്‍ 23നാണ് നിലവിലെ ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയുക. 24ന് ഇന്ത്യയുടെ അന്‍പത്തിമൂന്നാമത് ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ചുമതലയേല്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത് 2027 ഫെബ്രുവരി ഒന്‍പത് വരെ പദവിയില്‍ തുടരും.

38ാം വയസില്‍ ഹരിയാനയുടെ ഏറ്റവും പ്രായംകുറഞ്ഞ അഡ്വക്കറ്റ് ജനറലായി കരിയർ തുങ്ങിയ സൂര്യകാന്ത് കരിയര്‍ തുടങ്ങിയത് 2004ല്‍ 42ാം വയസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി. ജഡ്ജിയായി പ്രവർത്തിക്കുമ്പോഴും പഠനം തുടര്‍ന്ന അദ്ദേഹം 2011ല്‍ എല്‍എല്‍ബി മാസ്റ്റേഴ്സ് ബിരുദദാരിയായി. 14 വര്‍ഷം ഹൈകോടതി ജഡ്ജിയുടെ പദവി വഹിച്ച അദ്ദേഹം 2018 ഹിമാചല്‍പ്രദേശ് ചീഫ് ജസ്റ്റിസായി. 2019 മെയ് 24നാണ് സുപ്രീംകോടതിയിലേക്ക് എത്തുന്നത്.
