ഓട്ടവ : പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്നുവെങ്കിലും, ബാങ്ക് ഓഫ് കാനഡ ഈ ആഴ്ച തുടർച്ചയായ രണ്ടാം തവണയും പലിശ നിരക്ക് കുറച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. സെപ്റ്റംബറിലെ 2.4% ആയി ഉയർന്ന പണപ്പെരുപ്പവും, 7.1% എന്ന ഉയർന്ന തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ നിരക്ക് കുറയ്ക്കേണ്ടത് അനിവാര്യമാണ്. ‘കോർ ഇൻഫ്ലേഷൻ’ 3 ശതമാനത്തിന് മുകളിലാണെങ്കിലും, പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്ന വിലയിരുത്തലിലാണ് സെൻട്രൽ ബാങ്ക്.

ബുധനാഴ്ചയാണ് ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം. ഭാവിയിലെ യുഎസ് താരിഫുകളെക്കുറിച്ചുള്ള പ്രത്യേക പ്രവചനങ്ങൾ നൽകുന്നത് നിർത്തി, സമ്പദ്വ്യവസ്ഥയുടെ കേന്ദ്രീകൃത പ്രവചനം മാത്രമായിരിക്കും ബാങ്ക് ഓഫ് കാനഡ ഇനിമുതൽ പുറത്തുവിടുക. ഫെഡറൽ ഗവൺമെന്റിന്റെ വരാനിരിക്കുന്ന ബജറ്റിലെ ചെലവ് പദ്ധതികൾ അറിയുന്നതിന് മുൻപാണ് സെൻട്രൽ ബാങ്കിന്റെ പ്രഖ്യാപനം നടക്കുക.

സെപ്റ്റംബർ അവസാനത്തിൽ ബാങ്ക് ഓഫ് കാനഡ അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് കാൽ പോയിന്റ് കുറച്ച് 2.5 ശതമാനമാക്കിയിരുന്നു. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് തവണ നിരക്ക് നിലനിർത്തിയതിന് ശേഷമാണ് വെട്ടിക്കുറക്കൽ ഉണ്ടായത്.
