ആലപ്പുഴ: പിഎം ശ്രീ വിവാദത്തിന് പിന്നാലെ സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ബുധനാഴ്ച മന്ത്രിസഭായോഗ ചേരുന്നുണ്ട്. ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ മുക്കാൽ മണിക്കൂറോളം നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. സിപിഐയുടെ മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ്, ചിഞ്ചുറാണി എന്നിവർ യോഗത്തിൽ നിന്ന് വിട്ടു നിൽക്കും. ബിനോയ് വിശ്വവും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രിമാരായ കെ. രാജൻ, ജി.ആർ.അനിൽ, പി.പ്രസാദ് എന്നിവർ മുഖ്യമന്ത്രിയെ കണ്ടു. ഇതിനു ശേഷം ഗസ്റ്റ് ഹൗസിലെ ബിനോയ് വിശ്വത്തിന്റെ മുറിയിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് നടന്നു.

ചർച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിനു മുൻപ് ബിനോയ് വിശ്വം പറഞ്ഞിരുന്നു. തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരമുണ്ടായിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബിനോയ് വിശ്വം പ്രതികരിച്ചു. അതിനാൽ പ്രശ്നങ്ങൾ ഇപ്പോഴും ബാക്കി കിടക്കുന്നു. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗങ്ങൾ ബഹിഷ്‌കരിക്കുമോ എന്ന ചോദ്യത്തിന് പിന്നീട് അറിയിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും പാർട്ടി നിലപാടിൽ നിന്നും പിന്നാക്കം പോകരുതെന്നുമാണ് സിപിഐ എക്‌സിക്യൂട്ടീവിൽ ഉയർന്ന പൊതുവികാരം എന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന ശക്തമായ അഭിപ്രായവും എക്‌സിക്യൂട്ടിവിൽ ഉയർന്നു. അതേ സമയം മുന്നണിയെ പ്രതിസന്ധിയിലാക്കരുതെന്നും ചിലർ പറഞ്ഞു.
