ഓട്ടവ : കാനഡയിലെ യുവാക്കൾക്കിടയിൽ ഓപിയോയിഡ് (Opioid) ഉപയോഗം വർധിക്കുന്നതായി റിപ്പോർട്ട്. വൈദ്യപരമായല്ലാത്ത ആവശ്യങ്ങൾക്ക് വേദനസംഹാരികൾ ഉപയോഗിക്കുന്നത് ഭയപ്പെടുത്തുന്ന വിധത്തിൽ കുതിച്ചുയർന്നതായി കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ (CMAJ) പറയുന്നു. 2021-ൽ 12.7% ആയിരുന്നത് 2023-ൽ 21.8% ആയി ഉയർന്നതായി ഒന്റാരിയോ സർവേ ഡാറ്റ വ്യക്തമാക്കുന്നു. 10 മുതൽ 12 വയസ്സുവരെയുള്ള ചെറിയ കുട്ടികൾപോലും ഓപിയോയിഡുകൾ ഉപയോഗിച്ചു തുടങ്ങുന്നതായും കണ്ടെത്തലുണ്ട്. ഹൈഡ്രോമോർഫോൺ (‘Dillies’) പോലുള്ള മരുന്നുകൾ പാർട്ടി ഡ്രഗ്സായി ഉപയോഗിക്കുന്ന പ്രവണതയും വർധിച്ചു. കുറിപ്പടി മരുന്നുകൾ ‘സ്ട്രീറ്റ് ഡ്രഗ്‌സി’നെക്കാൾ സുരക്ഷിതമാണെന്ന തെറ്റിദ്ധാരണയാണ് ഇതിന് പിന്നിൽ.

ഈ പ്രതിസന്ധിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് CMAJ ആവശ്യപ്പെട്ടു. ഓപിയോയിഡ് ആസക്തിക്ക് ചികിത്സയായി ഉപയോഗിക്കുന്ന മെത്തഡോൺ, സബക്‌സോൺ (Methadone or Suboxone) എന്നിവ കൗമാരക്കാർക്ക് നൽകാൻ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകണം. നേരത്തെയുള്ള ഇടപെടൽ ആസക്തിയെ തുടർന്നുണ്ടാകുന്ന ഭവനമില്ലായ്മ, ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയ ഭയാനകമായ പ്രവർത്തനങ്ങളെ തടയാൻ സഹായിക്കും. കൂടാതെ, ഓപിയോയിഡ് ഉപയോഗിക്കുന്ന നിരവധി യുവാക്കൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്. അതിനാൽ, ഡോക്ടർമാർ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനുള്ള സ്ക്രീനിങ് നടത്തുകയും, വീട്ടിൽ ഓവർഡോസ് പ്രതിരോധ മരുന്നായ നാലോക്സോൺ (Naloxone) സൂക്ഷിക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

