ഓട്ടവ : താരിഫ് വിരുദ്ധ പരസ്യത്തിൻ്റെ പേരിൽ കാനഡയ്ക്ക് മേൽ 10% അധിക താരിഫ് ചുമത്തുമെന്ന പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി നടപ്പിലാവില്ലെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. താരിഫുകൾ ഉയരില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഎസിലെ പ്രധാന ടിവി ചാനലുകളിൽ സംപ്രേക്ഷണം ചെയ്ത ഈ പരസ്യം, വടക്കേ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരസ്യമാണ് എന്നും ഫോർഡ് അവകാശപ്പെട്ടു. മുൻ യുഎസ് പ്രസിഡൻ്റ് റൊണാൾഡ് റീഗൻ താരിഫുകൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നതാണ് പരസ്യത്തിൻ്റെ ഉള്ളടക്കം. താരിഫ് ഭീഷണിയെ നേരിടാനുള്ള ഈ സമീപനത്തിന് മറ്റ് പ്രീമിയർമാരുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സ്റ്റീൽ, അലുമിനിയം, ഊർജ്ജം എന്നീ മേഖലകളിൽ കാനഡയും യുഎസും കരാറിനോട് അടുത്തെത്തിയിരുന്നു എന്നും, എന്നാൽ ഒന്റാരിയോയുടെ പരസ്യം കാരണം ട്രംപ് ചർച്ചകൾ പെട്ടെന്ന് നിർത്തിവെച്ചു എന്നുമാണ് പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തെ പറഞ്ഞിരുന്നത്. 10% അധിക താരിഫ് ചുമത്താനുള്ള ട്രംപിൻ്റെ പദ്ധതി ഈ പരസ്യത്തിനുള്ള പ്രതികാര നടപടിയായാണ് കണക്കാക്കുന്നത്.
