ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ കാല്‍തൊട്ട് മാപ്പ് അപേക്ഷിച്ച് തമിഴക വെട്രി കഴകം അദ്ധ്യക്ഷന്‍ വിജയ്. മാമല്ലപുരത്തെ ഹോട്ടലില്‍ മരിച്ചവരുടെ ആശ്രിതരെ കണ്ടപ്പോഴാണ് വിജയ് കാല്‍തൊട്ട് മാപ്പ് പറഞ്ഞത്. ദുരന്തത്തിന് കൃത്യം ഒരു മാസം തികയുന്ന ദിവസമാണ് വിജയ് ബന്ധുക്കളെ കണ്ടത്. വിജയ് ഇവര്‍ക്ക് ഭക്ഷണം വിളമ്പുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറരവരെ വിജയ് ഇവരോടൊപ്പമുണ്ടായിരുന്നു. സെപ്തംബര്‍ 27 നായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ ദുരന്തം. കരൂരില്‍ എത്തി എന്തുകൊണ്ട് ബന്ധുക്കളെ കാണാന്‍ കഴിഞ്ഞില്ല എന്നതിനും വിജയ് വിശദീകരണം നല്കി. ദുരന്തബാധിതരുടെ ചികിത്സാ ചെലവുകള്‍, വിദ്യാഭ്യാസ ചെലവുകള്‍ എന്നിവയെല്ലാം താന്‍ വഹിക്കുമെന്ന് വിജയ് കൂടിക്കാഴ്ചയില്‍ അറിയിച്ചു.

മാമല്ലപുരത്തെ പൂഞ്ചേരി പ്രദേശത്തെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. കരൂരില്‍ നിന്നുള്ള ഇരുന്നൂറിലധികം പേരാണ് വിജയ് യെ കാണാന്‍ എത്തിയത്. ഒരു ബസ്സിലായിരുന്നു ഇവരെ ഹോട്ടലിലേക്ക് എത്തിച്ചത്. അതേസമയം, ദുരന്തബാധിതരെ ഹോട്ടലില്‍ എത്തിച്ച് വിജയ് കണ്ടത് ശരിയായില്ലെന്ന രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നു. ദുരന്തബാധിതരെ നേരില്‍ കാണാതെ വിളിച്ചു വരുത്തി കണ്ടത് ശരിയായ നേതാവിന് ചേരുന്ന പ്രവൃത്തിയല്ലെന്നാണ് ഇവരുടെ വാദം. ബസ്സില്‍ വരാതെ നേരിട്ട് ഹോട്ടലിലെത്തിയവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോട്ടുകളുണ്ട്.
