Tuesday, October 28, 2025

മരണം കൊണ്ട്‌ പിരിയാതെ കലാഭവൻ നവാസ്‌; വിവാഹവാർഷികത്തിൽ വീട്ടുമുറ്റത്ത് മരം നട്ട് രഹ്‌ന

കൊച്ചി: കലാഭവൻ നവാസിന്റെയും രഹ്നയുടെയും ഇരുപത്തിമൂന്നാം വിവാഹവാർഷികദിനത്തിൽ മനസുതൊടും കുറിപ്പുമായി മക്കൾ.
ആ വിയോഗത്തിന്റെ നടുക്കത്തിൽ നിന്ന്‌ രഹ്‌നയും മക്കളും ഇതു വരെ മോചിതരായിട്ടില്ല. കൃഷിയോട് ഏറെ താത്പര്യമുള്ളയാളായിരുന്നു കലാഭവൻ നവാസ്. നഗരത്തിൽ നിന്നും തൊട്ടുമാറി കൃഷിക്കും കൂടി വേണ്ടിയായിരുന്നു വീടു പണിയാനായി നവാസ്‌ സ്ഥലം വാങ്ങിയത്‌. നിറയെ പച്ചപ്പുള്ള ഭൂമിയിലാവണം ജീവിക്കേണ്ടതെന്നും എപ്പോഴും ഒരു നാട്ടിൻപുറത്തുകാരൻ്റെ മനസ്‌ സൂക്ഷിക്കാറുള്ള നവാസ് പറയുമായിരുന്നു. അതുകൊണ്ടു കൂടിയാണ് ഓരോ വിവാഹ വാർഷികത്തിലും വീട്ടുപറമ്പിൽ ഇരുവരും സ്‌നേഹത്തോടെ വൃക്ഷത്തൈകൾ നട്ടിരുന്നത്‌. ആ മരങ്ങളെല്ലാം അസാധാരണമായ പ്രണയത്തിന്റെ സാക്ഷികളായി പൂത്തും തളിർത്തും അവിടെ ഇപ്പോഴുമുണ്ട്. വാപ്പ പോയതിന്റെ ആഘാതത്തിൽ നിന്ന് ഇപ്പോഴും മോചിതയാകാത്ത ഉമ്മച്ചിയെക്കുറിച്ച് അവരുടെ വിവാഹവാർഷിക ദിനത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വായിക്കുന്നവർക്ക് വല്ലാത്ത നൊമ്പരമാകും. നവാസ് തന്നെ എഡിറ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന ഒരു വിഡിയോയും കുറിപ്പിനൊപ്പം മക്കൾ പങ്കുവച്ചു.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

പ്രിയരേ, ഉമ്മിച്ചിക്ക് ഇഷ്ടപ്പെട്ട പാട്ട് വാപ്പിച്ചി പാടി കൊടുത്തതാണ്, വാപ്പിച്ചി തന്നെ എഡിറ്റ് ചെയ്ത വിഡിയോ ആണ് ഇത്. ഇന്ന് ഒക്ടോബർ 27, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും വിവാഹ വാർഷികമാണ്. ഇന്നത്തെ ദിവസം രാവിലെ 2 പേരും ഒരുമിച്ച് ഫ്രൂട്ട്‌സിന്റെ തൈകൾ നടാറുണ്ട്. അങ്ങനെ നട്ട തൈകളാണ് ഇവിടെ കായ്ച്ചു നിൽക്കുന്ന ഓരോ മരങ്ങളും, ഒന്നിനും പറ്റാത്ത ഈ അവസ്ഥയിൽ ഉമ്മച്ചിയുടെ ചെടികളെപ്പോലും ഉമ്മിച്ചി ശ്രദ്ധിച്ചില്ല. പക്ഷേ വാപ്പിച്ചിയെ ചേർത്തുപിടിച്ച് ഈ വാർഷികത്തിനും ഉമ്മിച്ചി ഫ്രൂട്ട്‌സിന്റെ തൈകൾ നട്ടു. ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല. അവരുടെ പ്രണയം ഇപ്പോഴും കൗതുകത്തോടെയാണ് ഞങ്ങൾ നോക്കി നിൽക്കുന്നത്, വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, ടിവി കാണില്ല, ബെസ്റ്റ് ഫ്രണ്ട്‌സ് ഇല്ല, ഫാമിലി ഗ്രൂപ്പിലോ, ഫ്രണ്ട്‌സ് ഗ്രൂപ്പിലോ ഇല്ല. വാപ്പിച്ചിയില്ലാതെ ഒരു കല്ല്യാണത്തിനുപോലും പോവാറില്ല.. വാപ്പിച്ചിയായിരുന്നു ഉമ്മച്ചിയുടെ ബെസ്റ്റ് ഫ്രണ്ട്. വാപ്പിച്ചി വർക്ക് കഴിഞ്ഞു തിരിച്ചെത്തും വരെ വാപ്പിച്ചിക്കുവേണ്ടി ഉമ്മിച്ചി പ്രാർഥിച്ചുകൊണ്ടേയിരിക്കും, വാപ്പിച്ചി തിരിച്ചെത്തിയാലാണ് ആ മുഖമൊന്നു തെളിയുന്നത്.

വാപ്പിച്ചി വന്നാൽ ഔട്ടിങ്ങിനു പോവാൻപോലും ഉമ്മിച്ചിക്കിഷ്ടമല്ല. വാപ്പിച്ചിയുമായി വീട്ടിൽത്തന്നെ ചിലവഴിക്കാനാണ് ഉമ്മിച്ചിക്കിഷ്ടം. രണ്ട് പേർക്കും ഒരുമിച്ചെത്രനാൾ വീട്ടിലിരുന്നാലും ബോറടിക്കില്ല. ഉമ്മിച്ചിക്ക് ഒരാഗ്രഹവുമില്ലാത്ത ആളാണെന്ന് വാപ്പിച്ചി എപ്പോഴും പറയും. വാപ്പിച്ചിയും അടുക്കളയും ഞങ്ങളുമായിരുന്നു ഉമ്മച്ചിയുടെ ലോകം. ഈ ഭൂമിയിൽ വേറെന്തു നഷ്ടപ്പെട്ടാലും ഉമ്മിച്ചി പിടിച്ചു നിൽക്കുമായിരുന്നു, പക്ഷേ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു. ഇപ്പോൾ പടച്ചവൻ വാപ്പിച്ചിക്ക് എന്താണോ അവിടെ കൊടുക്കുന്നത് അതുതന്നെ ഉമ്മിച്ചിക്കും ഇവിടെ തന്നാൽ മതി എന്നാണ് ഉമ്മച്ചിയുടെ പ്രാർഥന. ഇത്രയും നേരത്തെ പിരിയേണ്ടവരായിരുന്നില്ല രണ്ട് പേരും, ഒരുപാടു സ്‌നേഹിച്ചതിനാവും പടച്ചവൻ രണ്ട് പേരെയും രണ്ടിടത്താക്കിയത്, മരണംകൊണ്ടും അവരെ വേർപിരിക്കാനാവില്ല. അവർ രണ്ട് പേരും ഇപ്പോഴും കാത്തിരിപ്പിലാണ്, പരീക്ഷണത്തിനൊടുവിൽ, സുബർക്കത്തിൽ ഇവിടുത്തെ പോലെതന്നെ ഏറ്റവും നല്ല ഇണകളായി ജീവിക്കാൻ വാപ്പിച്ചിക്കും ഉമ്മിച്ചിക്കും പടച്ചവൻ തൗഫീഖ് നൽകുമാറാകട്ടെ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!