വൻകൂവർ : യുഎസ് താരിഫുകൾക്കെതിരെ പരസ്യവുമായി മുന്നോട്ട് പോകാനുറച്ച് ബ്രിട്ടിഷ് കൊളംബിയ (ബി.സി.). ഒന്റാരിയോയുടെ താരിഫ് വിരുദ്ധ പരസ്യത്തെ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ്, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബി.സി. പ്രീമിയർ ഡേവിഡ് എബി പ്രഖ്യാപിച്ചത്. യുഎസ് സോഫ്റ്റ്‌വുഡ് തടിക്കുമേലുള്ള താരിഫ് ഭീഷണിയിൽ നിന്ന് പ്രവിശ്യയെയും കാനഡയെയും പ്രതിരോധിക്കാൻ പരസ്യങ്ങൾ ഇറക്കുമെന്ന എബിയുടെ പ്രഖ്യാപനം കഴിഞ്ഞ ആഴ്ചയായിരുന്നു. അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ളതായിരിക്കും പരസ്യം.

ബി.സി.യുടെ പരസ്യങ്ങൾ ഒന്റാരിയോ സർക്കാരിന്റെ പ്രചാരണത്തേക്കാൾ ചെറിയ തോതിലുള്ളതാണെങ്കിലും, താരിഫുകളെക്കുറിച്ചുള്ള സന്ദേശം അമേരിക്കക്കാർക്ക് നേരിട്ട് നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് എബി പറഞ്ഞു. നിലവിൽ കനേഡിയൻ തടിക്കുള്ള താരിഫുകളും കൗണ്ടർവെയ്ലിങ് തീരുവകളും ചേർന്ന് 45% ആയി ഉയർന്നിട്ടുണ്ട്. തടി വ്യവസായം കാനഡയ്ക്കും ബി.സി.ക്കും അടിസ്ഥാനപരമായ ഒന്നാണെന്നും, ഈ താരിഫ് കാരണം പല മില്ലുകളും അടച്ചുപൂട്ടുകയാണെന്നും എബി ചൂണ്ടിക്കാട്ടി.

തടി വ്യവസായത്തിന്റെ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഫെഡറൽ കാനഡ-യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലായോടും വ്യവസായ മന്ത്രി മെലനി ജോളിയോടും അടിയന്തര യോഗം ചേരാൻ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. കൂടാതെ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ വിപണികളിലേക്ക് ബി.സി. ഉൽപ്പന്നങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിനായി ബ്രിട്ടനിൽ ഒരു വ്യാപാര ഓഫീസ് തുറക്കുന്നതായും എബി പ്രഖ്യാപിച്ചു.
