വാഷിങ്ടൺ: പസഫിക് സമുദ്രത്തിൻ്റെ കിഴക്കൻ ഭാഗത്ത് വെച്ച് യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ 14 ലഹരിക്കടത്തുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നാല് കപ്പലുകൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എക്‌സിൽ കുറിച്ചു. ട്രംപിൻ്റെ നിർദ്ദേശപ്രകാരം ഡിപ്പാർട്ട്മെന്റ് ഓഫ് വാർ നടത്തിയ ആക്രമണത്തിലാണ് ലഹരിക്കടത്ത് സംഘം കൊല്ലപ്പെട്ടത്. കിഴക്കൻ പസഫിക് സമുദ്രത്തിൽ മയക്കുമരുന്ന് കടത്തുന്ന തീവ്രവാദ സംഘടനകൾ (DTO) പ്രവർത്തിപ്പിച്ചിരുന്ന നാല് കപ്പലുകൾക്കെതിരെ മൂന്ന് മാരകമായ ആക്രമണങ്ങളാണ് നടത്തിയതെന്ന് ഹെഗ്സെത്ത് വ്യക്തമാക്കി.

നാല് കപ്പലുകളിലായി ലഹരിവസ്തുക്കൾ കടത്താൻ ശ്രമിക്കുന്ന വിവരം യുഎസ് ഇൻ്റലിജൻസ് സംവിധാനം മുൻപേ അറിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവർ ലഹരിമാഫിയ സംഘത്തിൽപ്പെട്ടവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഈ നീക്കം തീവ്രവാദ സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തകർക്കാൻ സാധിച്ചതായാണ് യുഎസ് സൈന്യം വിലയിരുത്തുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചാണ് ആക്രമണം നടത്തിയതെന്നും ഭാവിയിൽ ഇത്തരം ഭീഷണികളെ നേരിടാൻ യുഎസ് സൈന്യം സജ്ജമാണെന്നും അധികൃതർ അറിയിച്ചു. ലഹരി മാഫിയകൾക്കെതിരെ യുഎസ് നടത്തിയ പോരാട്ടത്തിൽ ഏറ്റവും ശക്തമായ സൈനിക നടപടികളിൽ ഒന്നാണിത്.
