ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. നഗരത്തിലെ പലയിടങ്ങളിലും വായു ഗുണനിലവാര സൂചിക (AQI) അതീവ മോശം അവസ്ഥയിലാണുള്ളത്. ദീപാവലിക്ക് ശേഷം ഉയര്‍ന്ന മലിനീകരണ തോത് കുറയാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു.
ആര് കെ പുരം, ആനന്ദ് വിഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വായു ഗുണനിലവാര സൂചിക 300-ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ തോത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ‘വളരെ മോശം’ (Very Poor) വിഭാഗത്തിലാണ് വരുന്നത്.
വായുമലിനീകരണ തോത് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് വിജയിച്ചില്ല. ഇന്നലെ ഖേക്ര, ബുരാരി, മയൂര്‍ വിഹാര്‍, കരോള്‍ബാഗ് എന്നിവിടങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തിയത്. കൃത്രിമ മഴ ലഭിച്ചാല്‍ അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ നീങ്ങി മലിനീകരണത്തിന് ആശ്വാസം ഉണ്ടാകും എന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ.

മലിനീകരണം ഉയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (CAQM) തീരുമാനിച്ചു. ബി എസ് 6 നിലവാരത്തിന് താഴെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ ഡല്‍ഹിയിലേക്ക് പ്രവേശനം അനുവദിക്കില്ല.
ബിഎസ്സിക്സ് (BS-VI) നിലവാരത്തിലുള്ള എല്‍ എന്‍ ജി, സി എന്‍ ജി, ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ഒഴികെയുള്ള എല്ലാ വാണിജ്യ ചരക്ക് വാഹനങ്ങള്‍ക്കുമാണ് ഈ വിലക്ക് ബാധകമാകുക. ബി എസ് ഫോര്‍ വാണിജ്യ ചരക്ക് വാഹനങ്ങള്‍ക്ക് അടുത്ത വര്‍ഷം ഒക്ടോബര്‍ 31 വരെ മാത്രമാണ് നിലവില്‍ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
