വാഷിങ്ടന്‍: രാജ്യത്ത് ഷട്ട്ഡൗണ്‍ തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. അടച്ചുപൂട്ടല്‍ കാലയളവില്‍ ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതി അനിശ്ചിതകാലത്തേക്ക് വിലക്കി. നേരത്തേ പുറപ്പെടുവിച്ച താത്കാലിക ഉത്തരവ് സ്ഥിരപ്പെടുത്തിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നടപടി.
പിരിച്ചുവിടല്‍ നോട്ടിസ് ലഭിച്ച ജീവനക്കാര്‍ സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കോടതിയുടെ ഈ നടപടി ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അടച്ചുപൂട്ടലിന് പിന്നാലെ നല്‍കിയ പിരിച്ചുവിടല്‍ നോട്ടിസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഇതുവരെ 4,100 ഫെഡറല്‍ ജീവനക്കാര്‍ക്കാണ് ട്രംപ് ഭരണകൂടം പിരിച്ചുവിടലിനുള്ള നോട്ടിസ് അയച്ചിരുന്നത്.

അതേസമയം, പിരിച്ചുവിടപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഹര്‍ജികള്‍ കേള്‍ക്കാന്‍ ജില്ലാ കോടതിക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചത്. കൂടാതെ, ഡെമോക്രാറ്റിക് നേതാവായിരുന്ന മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നാമനിര്‍ദ്ദേശം ചെയ്ത ജഡ്ജിയാണ് ഉത്തരവ് പുറപ്പെടുവിച്ച ഇല്‍സ്റ്റണ്‍ എന്നും, അവരുടെ നടപടി അധികാരപരിധിക്കു പുറത്താണെന്നുമാണ് ട്രംപ് അനുകൂലികള്‍ ആരോപിക്കുന്നത്. എങ്കിലും, ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഫെഡറല്‍ കോടതിയുടെ സ്ഥിരമായ വിലക്ക് ഉത്തരവ് വന്നിരിക്കുന്നത്.
