ടൊറന്റോ : താരിഫ് വിരുദ്ധ പരസ്യത്തിന്റെ പേരിൽ, ഒന്റാരിയോ വ്യാപാര പ്രതിനിധിയോട് കാനഡയിലെ യുഎസ് അംബാസഡർ പീറ്റ് ഹോക്ക്സ്ട്ര രൂക്ഷമായി സംസാരിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച ഓട്ടവയിൽ നടന്ന ചടങ്ങിനിടെയാണ് അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയും ശകാരിക്കുകയും ചെയ്തതെന്ന് ഒന്റാരിയോ സർക്കാർ വൃത്തങ്ങൾ പറയുന്നു. അതേസമയം, ഒന്റാരിയോ വ്യാപാര പ്രതിനിധി ഡേവിഡ് പാറ്റേഴ്സൺ പ്രതികരിച്ചില്ലെന്നാണ് വിവരം. പരസ്യത്തെത്തുടർന്ന്, കാനഡ-യുഎസ് വ്യാപാര ചർച്ചകൾ നിർത്തിവച്ചതായി സ്ഥിരീകരിച്ച ഹോക്ക്സ്ട്ര, അമേരിക്കൻ താങ്ക്സ്ഗിവിങ്ങിന് മുൻപ് ഒരു കരാർ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കൂട്ടിച്ചേർത്തു. ചർച്ചകൾ വഴിമുട്ടിയതിന് കാരണം കാനഡയാണെന്നും അവർ സൗഹൃദത്തിന്റെ പാലങ്ങൾ കത്തിച്ചുകളഞ്ഞെന്നും ട്രംപ് വാതിൽ വലിച്ചടച്ചില്ലെന്നും കുറ്റപ്പെടുത്തി. ഈ പരസ്യം വിദേശ ഇടപെടലിന് തുല്യമാണെന്നും അദ്ദേഹം വാദിച്ചു.

മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ ശബ്ദം ഉപയോഗിച്ചുള്ള ഒന്റാരിയോയുടെ താരിഫ് വിരുദ്ധ പരസ്യം കാരണം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞയാഴ്ചയാണ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവെച്ചത്. പരസ്യം പിൻവലിക്കാത്തതിനെ തുടർന്ന് ട്രംപ് കാനഡയ്ക്ക് മേൽ 10% അധിക താരിഫും ഏർപ്പെടുത്തി.
അതേസമയം, പരസ്യത്തെ ന്യായീകരിച്ച് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് രംഗത്തെത്തി. തങ്ങൾ ലക്ഷ്യം നേടി. ഒന്റാരിയോയിലെയും കാനഡയിലെയും ജനങ്ങൾക്ക് ഏകപക്ഷീയമായ കരാറല്ല, മറിച്ച് ന്യായമായ കരാർ ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഫോർഡ് വ്യക്തമാക്കി.
