രാഷ്ട്രീയ ലേഖകൻ
ടൊറോൻ്റോ: കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ നേതൃ മത്സരത്തിൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള വാക്പ്പോരും കാമ്പയിനും വ്യക്തിഹത്യയിലേയ്ക്കും കടുത്ത ആരോപണങ്ങളിലേയ്ക്കും നീളുന്നു. ഏറ്റവും പുതുതായി പിയറെ പൊയ്ലിവറുടെ കാമ്പയിൻ വിഭാഗം പുറത്തിറക്കിയ വീഡിയോ ആണ് ഇത്തരത്തിലുള്ള ആരോപണത്തിന് ശക്തി പകരുന്നത്. വീഡിയോയിൽ പറയുന്നത് ഒരു സിറ്റി മേയറായി വിശ്വസിക്കാൻ പറ്റാത്ത പ്രവൃത്തി ചെയ്യുന്ന ആളെ എങ്ങനെയാണ് ഒരു രാജ്യത്തിൻ്റെ പ്രധാനമന്ത്രി പദം ഏൽപ്പിക്കാൻ സാധിക്കുക എന്നാണ്.
ഇത് പോലെ തന്നെയാണ് പാട്രിക് ബ്രൗണും തൻ്റെ കാമ്പയിനിലുടനീളം പിയറെയെ വിമർശിക്കുവാനും വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ച് ആക്രമിക്കുവാനുമാണ് ശ്രമിച്ചിരുന്നത്.
കഴിഞ്ഞ ദിവസം പാട്രിക് ബ്രൗൺ ഒരു മാധ്യമത്തോട് സംസാരിച്ചപ്പോൾ പറഞ്ഞത് പിയറെ നേതൃതിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ താൻ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നാണ്.
പാർലമെൻ്റിലെ ബഹുഭൂരിപക്ഷം കൺസർവ്വേറ്റീവ് എം പിമാരും പിന്തുണയ്ക്കുന്നത് പിയറെ പൊയ്ലിവറെ ആണ്.
കൺസർവ്വേറ്റീവ് നേതൃതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെക്കോർഡ് അംഗങ്ങളെയാണ് സ്ഥാനാർത്ഥികൾ ചേർത്തിരിക്കുന്നത്. ഏകദ്ദേശം ആറ് ലക്ഷത്തിലധികം അംഗങ്ങളെയാണ് ചേർത്തതായുള്ള പ്രാധമിക വിവരം. പിയറെയുടെ ടീം പറയുന്നത് ഇതിൽ മൂന്ന് ലക്ഷത്തിലധികം അവരുടെ കാമ്പയിൻ ടീം ചേർത്ത അംഗങ്ങൾ ആണെന്നാണ്. പാട്രിക് ബ്രൗൺ പറയുന്നത് അവരുടെ ടീം ചേർത്തത് ഏകദ്ദേശം ഒന്നര ലക്ഷത്തിലധികം അംഗങ്ങളെ ആണെന്നാണ്.
പാട്രിക് ബ്രൗണിൻ്റെയും പിയറെ പൊയ്ലിവറുടെയും കാമ്പയിന് നേതൃത്വം നൽകിയവരിൽ മലയാളികളും ഉണ്ട്. ഇവരിൽ ആര് നേതൃ നിരയിലേയ്ക്ക് വന്നാലും അടുത്ത തിരഞ്ഞെടുപ്പിൽ ഇവരിലാർക്കെങ്കിലുമൊക്കെ പാർലമെൻറ് സീറ്റ് കിട്ടുമെന്ന കാര്യം സുനിശ്ചിതമാണ്.