ഒട്ടാവ : രാജ്യത്ത് പണപ്പെരുപ്പവും പലിശനിരക്കും ഉയരുന്ന സാഹചര്യത്തിൽ ഏറ്റവും ദുർബലരായ കനേഡിയൻമാർ തങ്ങളുടെ ദൈനംദിന ചെലവുകളെക്കുറിച്ച് കൂടുതൽ ആശങ്കാകുലരാണെന്ന് ഇപ്‌സോസ് സർവ്വേ. അതേസമയം മാന്ദ്യത്തെക്കുറിച്ചുള്ള സൂചനകൾ ജീവിതച്ചെലവ് വർദ്ധിപ്പിക്കുമെന്ന ഭയവും വർധിക്കുന്നതായി സർവ്വേ വെളിപ്പെടുത്തുന്നു.
ഈയടുത്ത മാസങ്ങളിൽ പണപ്പെരുപ്പം കുറഞ്ഞെങ്കിലും, ദൈനംദിന കാര്യങ്ങൾ താങ്ങാനാകുന്നതിലും കുറഞ്ഞ നിരക്കിലാക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സർവ്വേയിൽ പങ്കെടുത്ത 84 ശതമാനം കനേഡിയൻമാരും പ്രതികരിച്ചു. മിക്ക കനേഡിയന്മാരും മുന്നോട്ടുള്ള പാതയെക്കുറിച്ച് ശുഭാപ്തി വിശ്വാസികളല്ലെന്നും സർവ്വേ കണ്ടെത്തി.
പണപ്പെരുപ്പം ബാങ്ക് ഓഫ് കാനഡയുടെ കംഫർട്ട് സോണായ രണ്ട് ശതമാനത്തിന് മുകളിലായി തുടരുകയും ആ സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിന് സെൻട്രൽ ബാങ്ക് കടം വാങ്ങുന്നതിനുള്ള ചെലവ് ഉയർത്തുകയും ചെയ്യുന്നതിനാൽ, സ്ത്രീകളും ചെറുപ്പക്കാരായ കനേഡിയൻമാരും തങ്ങളുടെ ജീവിതച്ചെലവിനെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഇപ്‌സോസ് പോളിംഗ് സൂചിപ്പിക്കുന്നു.
ഒക്‌ടോബർ 18-20 തീയതികളിൽ നടത്തിയ സർവ്വേയിൽ, 88 ശതമാനം സ്ത്രീകളും 18 മുതൽ 34 വയസ്സുവരെയുള്ളവരിൽ 92 ശതമാനം പേരും നിത്യോപയോഗ സാധനങ്ങളുടെ വിലയെക്കുറിച്ച് ആശങ്കാകുലരാണെന്ന് പറഞ്ഞു. ഇവർ കുടുംബത്തെ പോറ്റുന്നതിനെക്കുറിച്ച് കൂടുതൽ ആശങ്കാകുലരാണെന്നും സർവ്വേ വ്യക്തമാക്കി.
“സ്ത്രീകളും യുവാക്കളും മറ്റ് കനേഡിയന്മാരിൽ നിന്നും വ്യത്യസ്തമായ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ അനുഭവിക്കുന്നതായി,” ഇപ്‌സോസ് പബ്ലിക് അഫയേഴ്‌സിന്റെ വൈസ് പ്രസിഡന്റ് സീൻ സിംപ്‌സൺ പറയുന്നു.
സർവേയിൽ പങ്കെടുത്തവരിൽ 83 ശതമാനം പേരും രാജ്യം ഉടൻ തന്നെ മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് കരുതുന്നു. മാന്ദ്യത്തെക്കുറിച്ചുള്ള ഭയം പുരുഷന്മാരേക്കാൾ (78 ശതമാനം) സ്ത്രീകൾക്കിടയിൽ (89 ശതമാനം) വ്യാപകമാണെന്നും സർവ്വേ വെളിപ്പെടുത്തുന്നു. തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണെന്ന് 18-34 വയസ് പ്രായമുള്ള കനേഡിയന്മാരിൽ 54 ശതമാനം പേർ സർവ്വേയിൽ പ്രതികരിച്ചു.
തിരക്കേറിയതും പലപ്പോഴും ചെലവേറിയതുമായ അവധിക്കാല ഷോപ്പിംഗ് സീസൺ ആരംഭിക്കുന്നതിനാൽ പ്രിയപ്പെട്ടവർക്കായി അവധിക്കാല സമ്മാനങ്ങൾ വാങ്ങാനാകുമോ എന്ന ആശങ്കയുണ്ടെന്ന് സർവ്വേയിൽ പ്രതികരിച്ചവരിൽ 45 ശതമാനം പേരും പറയുന്നു.
ഈ പ്രതിസന്ധിക്ക് പരിഹാരമായി പല ചില്ലറ വ്യാപാരികൾക്കും, ഓൺലൈൻ ഷോപ്പിംഗിന്റെ വരവോടെ, ഡെലിവറി കമ്പനികൾക്കും കുറഞ്ഞ നൈപുണ്യമുള്ള തൊഴിലാളികൾ ആവശ്യമായി വരുമെന്ന് സീൻ സിംപ്‌സൺ പറയുന്നു. ഇത് വിദ്യാർത്ഥികൾക്കോ സമീപകാല ബിരുദധാരികളോ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ജോലി സമ്പാദിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പണപ്പെരുപ്പത്തിന്റെ ഭാരം ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സീൻ സിംപ്‌സൺ പറയുന്നു.
പണപ്പെരുപ്പവും പലിശനിരക്കും സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനാൽ, സമ്പദ്‌വ്യവസ്ഥയോ ഓഹരി വിപണിയോ അടുത്തതായി എന്ത് ചെയ്യും എന്നതിനെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം, നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എല്ലാ കനേഡിയൻമാർക്കും തങ്ങളുടെ ആശങ്കകൾ ലഘൂകരിക്കാമെന്നും സീൻ സിംപ്‌സൺ പറഞ്ഞു.