അഖില സുരേഷ്
നടൻ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ഈ സന്തോഷ വാർത്ത ബേസില്‍ പ്രേക്ഷകരുമായി പങ്കുവച്ചത്. വിനീത് ശ്രീനിവാസൻ, രജിഷ വിജയൻ, അർജുൻ അശോകൻ, അന്ന ബെൻ, ഐമ റോസ്മി, അപർണ ദാസ്, വിജയ് ബാബു തുടങ്ങി താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ബേസിലിന് ആശംസകളുമായി എത്തിയത്.
2017–ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍.
വിനീത് ശ്രീനിവാസന്റെ അസോഷ്യേറ്റായി സിനിമാ രംഗത്തെത്തി കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ ആളാണ് ബേസിൽ ജോസഫ്. 2021 ൽ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നൽ മുരളിയിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധനേടാൻ ബേസിലിനായി. അഭിനയത്തില്‍ കൂടുതൽ സജീവമായ താരം നായകനായി എത്തിയ ജയ ജയ ജയ ജയ ഹേ കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിലൊന്നായിരുന്നു.
