ഇന്നലെ വൈകുന്നേരം ആൽബർട്ടയിൽ നിന്നും കാണാതായ രണ്ട് വയസുകാരി മരിച്ചതായി ആർസിഎംപി റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈകുന്നേരം 4:55 ഓടെയാണ് കാൻമോറിലെ ബോ റിവർ ക്യാമ്പ് ഗ്രൗണ്ടിൽ നിന്നും കുട്ടിയെ കാണാതായതെന്ന് ആർസിഎംപി പറഞ്ഞു.
കുട്ടിയെ കാണാതായതിനെ തുടർന്ന് കാനനാസ്‌കിസ് എമർജൻസി സർവീസസിൽ നിന്നുള്ള ഹെലികോപ്റ്ററിനൊപ്പം സേർച്ച് ആൻഡ് റെസ്ക്യൂ ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം അഗ്നിശമന സേനാംഗങ്ങൾ പെൺകുട്ടിയെ ബോ നദിയിൽ നിന്നും കണ്ടെത്തി. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
മരണകാരണം കണ്ടെത്താൻ ചീഫ് മെഡിക്കൽ ഓഫീസർ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി RCMP പ്രസ്താവനയിൽ പറഞ്ഞു.