കാൽഗറി : കമ്മ്യൂണിറ്റി റിസർവോയറുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ ആൽബർട്ടയിലെ കോക്രേനിൽ പ്രാദേശിക അടിയന്തിരാവസ്ഥ നടപ്പിലാക്കിയതായി സിറ്റി അധികൃതർ പ്രഖ്യാപിച്ചു. കൂടാതെ കമ്മ്യൂണിറ്റിയിൽ ജല നിയന്ത്രണം ദിവസങ്ങളോളം നിലനിൽക്കുമെന്ന് സിറ്റി അറിയിച്ചു.
ഒക്‌ടോബർ 21-ന് ഉണ്ടായ മലിനജലചോർച്ചയെ തുടർന്ന് ശുദ്ധജലവിതരണത്തെ സാരമായി ബാധിച്ചതോടെ ഈ ആഴ്ച ആദ്യം കോക്രേൻ നിർബന്ധിത ജലസംരക്ഷണ നിയമങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രാദേശിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

കോക്രേൻ, കാൽഗറി എന്നിവിടങ്ങളിലേക്കുള്ള ശുദ്ധജല വിതരണം സുരക്ഷിതമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഈ പ്രശ്നം നഗരത്തിലേക്കുള്ള ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്.
എല്ലാ കോക്രേൻ നിവാസികളും സ്ഥാപനങ്ങളും അടിയന്തിര നിർബന്ധിത ജല സംരക്ഷണം പാലിക്കണമെന്ന് സിറ്റി അധികൃതർ നിർദ്ദേശിച്ചു. എന്നാൽ, ചില താമസക്കാർക്കുള്ള ശുദ്ധജലവിതരണം തടസ്സപ്പെട്ടേക്കുമെന്ന് കോക്രേൻ എമർജൻസി കോർഡിനേഷൻ സെന്റർ ഡയറക്ടർ ഷോൺ പോളി പറഞ്ഞു. ജല ഉപഭോഗം നിലവിലെ അവസ്ഥയിൽ തുടരുകയാണെങ്കിൽ ചില കമ്മ്യൂണിറ്റികൾ ഉടൻ തന്നെ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കാൽഗറിയിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് കോക്രേൻ സ്ഥിതി ചെയ്യുന്നത്.