Sunday, August 31, 2025

തിരിച്ചു ഉപരോധം ഏര്‍പ്പെടുത്താന്‍ റഷ്യ; ‘സാമ്പത്തിക യുദ്ധം’ മുറുകുന്നു

മോസ്കോ: സാമ്പത്തിക ഉപരോധങ്ങള്‍ക്ക് തിരിച്ചടിയായി എതിര്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി റഷ്യ. കഴിഞ്ഞ ദിവസം റഷ്യയ്ക്കെതിരെ നടക്കുന്ന സാമ്പത്തിക യുദ്ധമാണെന്നും ഇതില്‍ റഷ്യ ശക്തമായി തിരിച്ചടിച്ചാല്‍ പല രാജ്യങ്ങള്‍ക്കും താങ്ങാന്‍ കഴിയില്ലെന്ന് ക്രൈംലിന്‍ പ്രതികരിച്ചു.

റഷ്യന്‍ ക്രൂഡ് ഓയിലും, പ്രകൃതി വാതകങ്ങളും ഉപയോഗിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യം വച്ചാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. തങ്ങളും തിരിച്ച് ഉപരോധം ഏര്‍പ്പെടുത്തുന്നത് ഗൌരവമായി ആലോചിക്കുകയാണ് എന്നാണ് റഷ്യ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

അതേ സമയം റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍ തുടരാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. ഏറ്റവും പുതുതായി 14 റഷ്യന്‍ കോടീശ്വരന്മാര്‍ക്ക് ഇയു വിലക്ക് ഏര്‍പ്പെടുത്തി. ഒപ്പം തന്നെ റഷ്യയുടെ പ്രധാന സഖ്യകക്ഷിയായ ബെലറസിന്‍റെ കേന്ദ്രബാങ്കിന്‍റെ ഇടപാടുകള്‍ യൂറോപ്യന്‍ യൂണിയന്‍ മരവിപ്പിച്ചു.

റഷ്യയുടെ റൈറ്റിംഗ് കുത്തനെ താഴ്ത്തി

റഷ്യയുടെ റേറ്റിങ് വീണ്ടും താഴ്ത്തി റേറ്റിങ് ഏജൻസിയായ ഫിച്ച്. സാന്പത്തിക ഉപരോധങ്ങൾ റഷ്യയെ സാരമായി ബാധിച്ചുതുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് ഫിച്ചിന്‍റെ തീരുമാനം. വ്യോമയാന,ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും സേവനങ്ങളും റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ബ്രിട്ടൻ നിർത്തി. കൊക്കോകോളയും പെപ്സിയും റഷ്യയിലെ വിൽപന നിർത്തി. റഷ്യയിലെ സ്റ്റാർബക്സ് കോഫിഷോപ്പുകളും മക്ഡൊണാൾഡ്സ് ഔട്ട്‍ലെറ്റുകളും അടച്ചു. റോളക്സ് വാച്ചുകൾ റഷ്യയിലേക്കുള്ള കയറ്റുമതി നിർത്തി. യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് റഷ്യയിലെ പ്രവർത്തനം നിർത്തി.

റഷ്യയിൽ തുടരുമെന്ന് ഇന്ത്യൻ കമ്പനികൾ

ഡോ.റെഡ്ഡീസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ റഷ്യയിലെ പ്രവർത്തനം തുടരാന്‍ തന്നെയാണ് തീരുമാനം. റഷ്യ നിർമിച്ച കോവിഡ് വാക്സീനായ സ്പുട്നിക്കിന്റെ ഇന്ത്യയിലെ നിർമാതാക്കളാണ് ഡോ.റെഡ്ഡീസ്. മുന്നൂറോളം ഇന്ത്യൻ കമ്പനികളാണ് നിലവിൽ റഷ്യയിലുള്ളത്. ഇവയില്‍ ഏതെങ്കിലും കന്പനി റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടില്ല.

ഒപ്പം നിന്ന് പോരാടുന്ന വിദേശികള്‍ക്ക് ഭാവിയില്‍ പൗരത്വം നല്‍കുമെന്ന് യുക്രൈന്‍

കീവ്: രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാൻ എത്തുന്ന വിദേശികൾക്ക് ഭാവിയിൽ പൗരത്വം നൽകുമെന്ന് യുക്രൈന്‍ (Ukraine). ഇതുവരെ മുപ്പതോളം രാജ്യങ്ങളിൽ നിന്നായി പതിനാറായിരത്തിലേറെ പേർ റഷ്യയ്ക്കെതിരായ (Russia) പോരാട്ടത്തില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണ് യുക്രൈന്‍റെ കണക്ക്. ജോർജിയയിലെ മുൻ പ്രതിരോധ മന്ത്രിയും യുദ്ധസന്നദ്ധനായി എത്തിയിട്ടുണ്ട്.

യുദ്ധം തുടങ്ങിയതിന് പിന്നാലെ തന്നെ യുക്രൈന് വേണ്ടി പോരാടാൻ വിദേശികളെ പ്രസിഡന്‍റ് വൊലോദിമിർ സെലൻസ്കി ക്ഷണിച്ചിരുന്നു. ടെറിറ്റോറിയൽ ഡിഫെൻസിന്‍റെ ഇന്‍റർനാഷണൽ ലീജിയണിൽ (international legion of territorial defense) ഇതുവരെ പതിനാറായിരത്തിലേറെ പേർ ചേർന്നെന്നാണ് യുക്രെയ്ന്‍റെ കണക്ക്. വിവിധ രാജ്യങ്ങളിലെ യുക്രെയ്ൻ എംബസികൾ കേന്ദ്രീകരിച്ചായിരുന്നു റിക്രൂട്ട്മെന്‍റ്.

വിരമിച്ച സൈനികരും സൈനിക പരിശീലനമേ ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. പോരാട്ടത്തിന് സന്നദ്ധരായി എത്തുന്നതിന് ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടന്നാണ് അവരുമായി സംസാരിച്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. യുക്രൈനെ യുദ്ധമുഖത്ത് സഹായിക്കാൻ ജോർജിയയുടെ മുൻ പ്രതിരോധ മന്ത്രി ഇറാക്‍ലി ഒക്രുവാഷ്‍വിലി എത്തിയെന്ന് യുക്രൈന്‍റെ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്.

ജോർജിയയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം എത്തിയത്. നേരത്തെ ലാത്വിയയിൽ നിന്നുള്ള പാര്‍ലമെന്‍റ് അംഗവും യുദ്ധം ചെയ്യാനായി എത്തിയിരുന്നു. വിദേശത്ത് നിന്നെത്തിയവരിൽ ഭാവിയിൽ യുക്രെയ്ൻ പൗരത്വം സ്വീകരിക്കാനാഗ്രഹിക്കുന്നവർക്ക് അത് നൽകുമെന്ന് ആഭ്യന്തര സഹമന്ത്രി യെവ്‍ഹിൻ യെനിൻ പറഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!