കാലിഫോർണിയ : കാണാതായ 8 വയസുകാരി സോഫിയ മേസനു വേണ്ടിയുള്ള തിരച്ചിലിനിടെ സെൻട്രൽ കാലിഫോർണിയയിലെ ഒരു വീടിനുള്ളിൽ നിന്നും മറ്റൊരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയാതായി അധികൃതർ അറിയിച്ചു.
മെഴ്സിഡിലെ ഒരു വീട്ടിൽ സെർച്ച് വാറണ്ട് നൽകുന്നതിനിടെയാണ് അന്വേഷകർ മൃതദേഹം കണ്ടെത്തിയതെന്നു സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. ഹേവാർഡിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ നഗരത്തിലെ പോലീസിൽ നിന്നുള്ള സൂചനയെ തുടർന്ന് ആയിരുന്നു അന്വേഷണം.
മൃതദേഹം തിരിച്ചറിയാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി മെഴ്സ്ഡ് പോലീസ് പറഞ്ഞു. മരണകാരണം പുറത്തുവിട്ടിട്ടില്ല.
ചൊവ്വാഴ്ചയാണ് സോഫിയ മേസന്റെ ബന്ധുക്കൾ ആളെ കാണാതായതായി റിപ്പോർട്ട് ചെയ്തത്. ഡിസംബറിന് ശേഷം സോഫിയയുമായി സമ്പർക്കം പുലർത്തിയിരുന്നില്ലെന്നും ഹേവാർഡിനും സതേൺ കാലിഫോർണിയയ്ക്കും ഇടയിലുള്ള വിവിധ സ്ഥലങ്ങളിൽ സോഫിയ താമസിച്ചിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു.
കുട്ടിയുടെ അമ്മ സാമന്ത ജോൺസണെ ഹേവാർഡ് പോലീസ് അറസ്റ്റ് ചെയ്തുവെന്നും പെൺകുട്ടി അവളുടെ കൂടെ ഉണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.
അലമേഡ കൗണ്ടി ജയിൽ രേഖകൾ പ്രകാരം സാമന്ത ജോൺസണെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തതായും കുട്ടിക്ക് ശാരീരിക പരിക്കേൽപ്പിച്ചതിനും അറസ്റ്റിനെ എതിർത്തതിനും അന്വേഷണത്തിന് കേസെടുത്തു. സാമന്തയുടെ വിചാരണ ചൊവ്വാഴ്ച നടക്കും.
കാണാതായ പെൺകുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 209-388-7712 എന്ന നമ്പറിൽ ബന്ധപ്പെടണം.