ഹാമിൽട്ടൻ∙ വമ്പൻമാരെ അട്ടിമറിച്ചെത്തിയ വെസ്റ്റിൻഡീസ് വനിതകളുടെ വിജയക്കുതിപ്പിന് വിരാമമിട്ട് ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യൻ വനിതകളുടെ ആവേശപ്രകടനം. ബാറ്റർമാരും ബോളർമാരും ഒരുപോലെ മികവു കാട്ടിയ മത്സരത്തിൽ ഇന്ത്യൻ വനിതകൾ വിൻഡീസിനെ 155 റൺസിന് തകർത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 317 റൺസ്. ഓപ്പണർ സ്മൃതി മന്ഥന (123), വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (109) എന്നിവരുടെ സെഞ്ചുറികളായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്.
മറുപടി ബാറ്റിങ്ങിൽ സെഞ്ചുറി കൂട്ടുകെട്ടുമായി ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെ പോയ വിൻഡീസ് വനിതകൾ, പിന്നീട് കൂട്ടത്തോടെ തകർന്ന് 40.3 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി. മൂന്നു മത്സരങ്ങളിൽ ഇന്ത്യയുടെ രണ്ടാം വിജയവും വിൻഡീസിന്റെ ആദ്യ തോൽവിയുമാണിത്. ഈ വിജയത്തോടെ ഇന്ത്യ സെമി സാധ്യതകൾ സജീവമാക്കി.
ഇന്ത്യ ഉയർത്തിയ 318 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത വിൻഡീസിന്റെ തുടക്കം ഉജ്വലമായിരുന്നു. ഓപ്പണർമാരായ ദിയേന്ദ്ര ഡോട്ടിനും ഹെയ്‌ലി മാത്യൂസും തകർത്തടിച്ചതോടെ വെറും 30 പന്തിൽ വിൻഡീസ് 50 കടന്നു. 100 കടക്കാൻ വേണ്ടി വന്നത് 72 പന്തുകൾ മാത്രം. എന്നാൽ, സ്കോർ 100ൽ നിൽക്കെ ഡോട്ടിനെ സ്നേഹ് റാണ പുറത്താക്കിയത് വഴിത്തിരിവായി. പിന്നീട് കൂട്ടത്തോടെ തകർന്ന വിൻഡീസിന് വെറും 62 റൺസിനിടെയാണ് 10 വിക്കറ്റുകൾ നഷ്ടമായത്.
46 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 62 റണ്‍സെടുത്ത ഡോട്ടിൻ തന്നെയാണ് വിൻഡീസിന്റെ ടോപ് സ്കോറർ. ഹെയ്‍ലി മാത്യൂസ് 36 പന്തിൽ ആറു ഫോറുകളോടെ 43 റൺസെടുത്തു. തോൽവി ഉറപ്പായ ഘട്ടത്തിൽ പ്രതിരോധിച്ചുനിന്ന് 48 പന്തിൽ ഒരു പോർ സഹിതം 19 റൺസെടുത്ത നേഷന്റേതാണ് പിന്നീടുണ്ടായ ഭേദപ്പെട്ട പ്രകടനം. അതേസമയം കിസിയ നൈറ്റ് (5), ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്‍ലർ (1), ഷെമെയ്ൻ കാംബൽ (11), ഷിനെല്ലി ഹെൻറി (7), ആലിയ അലെയ്നി (4), അനീസ മുഹമ്മദ് (2), ഷമീലിയ കോണൽ (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെയാണ് വിൻഡീസ് കൂറ്റൻ തോൽവി വഴങ്ങിയത്. ഷക്കീര സെൽമാൻ ഏഴു റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി സ്നേഹ് റാണ 9.3 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മേഘ്ന സിങ് ആറ് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. രാജേശ്വരി ഗെയ്‌ക്‌വാദ്, പൂജ വസ്ത്രകാർ, ജുലൻ ഗോസ്വാമി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.