ചില സമയങ്ങളില്‍, നമ്മളെല്ലാവരും നമ്മുടെ ദൈനംദിന ജോലികളെല്ലാം ഉപേക്ഷിച്ച് ലോകം ചുറ്റി സഞ്ചരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവും. എന്നാല്‍, എല്ലാം ഉപേക്ഷിച്ച് വെറുതെ യാത്ര ചെയ്യാനുള്ള ധൈര്യം നമ്മളില്‍ പലര്‍ക്കും ഉണ്ടാവില്ല. എന്നാല്‍, ആ സ്വപ്നം സാക്ഷാത്കരിച്ച ഒരു കുടുംബമുണ്ട്. സാപ്പ് കുടുംബം(Zapp family) എന്നറിയപ്പെടുന്ന ഒരു അര്‍ജന്റീനിയന്‍ കുടുംബം 2000 മുതല്‍ ലോകമെമ്ബാടും സഞ്ചരിക്കുകയാണ്. 22 വര്‍ഷമായി അവര്‍ റോഡിലാണ് എന്നും പറയാം.
ഹെര്‍മനും കാന്‍ഡലേറിയയും(Herman and Candelaria) കുട്ടികളും ഉള്‍പ്പെടുന്ന കുടുംബം മൊത്തം 362,000 കിലോമീറ്റര്‍ (225,000 മൈല്‍) സഞ്ചരിച്ചു കഴിഞ്ഞു. 1928 ഗ്രഹാം-പൈജില്‍ അഞ്ച് ഭൂഖണ്ഡങ്ങളും 102 രാജ്യങ്ങളും അവര്‍ സന്ദര്‍ശിച്ചു. എന്നിരുന്നാലും, ഇപ്പോള്‍ അവര്‍ ഉറുഗ്വേയുടെ അതിര്‍ത്തിയിലുള്ള ഈ പട്ടണത്തില്‍ നിര്‍ത്തിയിരിക്കയാണ്. 2000 ജനുവരി 25 -ന് യാത്രയ്‌ക്ക് പോയ അതേ ബ്യൂണസ് അയേഴ്‌സില്‍ അവര്‍ ഒടുവില്‍ തിരിച്ചെത്തി.
ഈ 22 വര്‍ഷത്തിനുള്ളില്‍ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ വലുതായി. ലോകമെമ്പാടും സഞ്ചരിക്കുന്നതിനിടയില്‍ തന്നെ ദമ്പതികൾ നാല് കുട്ടികളെ വളര്‍ത്തി. യാത്ര തുടങ്ങുമ്ബോള്‍ ഹെര്‍മന് 31 വയസ്സായിരുന്നു, ഇപ്പോള്‍ 53 വയസ്സ്. യാത്ര തുടങ്ങുമ്പോൾ കാന്‍ഡലേറിയയ്ക്ക് 29 വയസ്സായിരുന്നു, ഇപ്പോള്‍ 51 വയസ്സായി. അവരുടെ കുട്ടി ഇപ്പോള്‍ 19 വയസുള്ള പാംപ അമേരിക്കയില്‍ ജനിച്ചു. 16 വയസുള്ള തെഹുവ അര്‍ജന്റീനയിലും 14 വയസ്സുള്ള പലോമ കാനഡയിലും 12 വയസ്സുള്ള വല്ലബി ഓസ്‌ട്രേലിയയിലും ജനിച്ചു.
ക്രൗഡ് ഫണ്ടിംഗ് വഴിയും “കാച്ചിംഗ് എ ഡ്രീം” എന്ന സാഹസിക പുസ്തകം വിറ്റും കുടുംബം പണം സ്വരൂപിച്ചു. അവര്‍ ഏകദേശം 100,000 കോപ്പികള്‍ വിറ്റു, ഈ യാത്രകള്‍ക്കുള്ള തങ്ങളുടെ പ്രധാന വരുമാന സ്രോതസ്സാണിതെന്ന് അവര്‍ പറയുന്നു. അവരുടെ കുട്ടികളിപ്പോള്‍ സാധാരണ ജീവിതം നയിക്കാനും സൗഹൃദം സ്ഥാപിക്കാനും കാത്തിരിക്കുകയാണ്. 22 വര്‍ഷമായി ലോകം ചുറ്റിക്കൊണ്ടിരിക്കുന്ന കുടുംബത്തെ വന്‍ ആഘോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിക്കുന്നത്.