ന്യൂഡല്‍ഹി: കൗമാരക്കാരില്‍ 12-14 പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. 12-14 പ്രായക്കാര്‍ക്ക് ബയോളജിക്കല്‍ ഇ നിര്‍മിച്ച വാക്‌സിനായ കോര്‍ബി വാക്‌സിനാണ് നല്‍കുന്നത്. കോര്‍ബി വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ച് 28 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസും സ്വീകരിക്കണം.
ഇന്ന് മുതല്‍ 60 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസുകളും നല്‍കും. നിലവില്‍ രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും പുറമേ 60 വയസിന് മുകളിലുള്ള മറ്റു രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കുമാണ് കരുതല്‍ ഡോസ് നല്‍കുന്നത്.
2010 മാര്‍ച്ച് 16ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് വാക്സിനെടുക്കാന്‍ സാധിക്കും. ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവര്‍ക്കും വാക്സിനെടുക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന്‍ വഴിയും കുട്ടികള്‍ക്ക് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. അതേസമയം, ഇന്ന് മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും രണ്ടാം ഡോസ് കഴിഞ്ഞ് ഒമ്പത് മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്.