സ്വന്തം ഓടിടി പ്ലാറ്റ്‌ഫോമുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. SRK+ എന്ന് പേരിട്ടിരിക്കുന്ന പുത്തൻ ഓടിടി പ്ലാറ്റഫോമിന്റെ വരവ് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഷാരൂഖ് ഖാൻ പുറത്ത് വിട്ടത്. “Kuch kuch hone wala hai, OTT ki duniya mein” (ഓടിടി ലോകത്ത് ചില കാര്യങ്ങൾ നടക്കാൻ പോകുന്നു) എന്ന കുറിപ്പോടെയാണ് തന്റെ പുത്തൻ ഓടിടി പ്ലാറ്റഫോമിന്റെ വരവ് കിംഗ് ഖാൻ വ്യക്തമാക്കിയത്. എന്നാൽ ഏത് തരത്തിലുള്ള കണ്ടന്റുകളാണ് SRK+ലുണ്ടാവുക എന്നത് സംബന്ധിച്ച സൂചനകളൊന്നും ഷാരൂഖ് ഖാൻ പുറത്ത് വിട്ടിട്ടില്ല.
ബോളിവുഡ് താരം സൽമാൻ ഖാൻ, ഫർഹാൻ അക്തർ എന്നിവർ SRK+ പ്ലാറ്റ്‌ഫോമിന് ആശംസയുമായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ബി-ടൗണിലെ പ്രമുഖ സംവിധായകരായ അനുരാഗ് കശ്യപ്, കരൺ ജോഹർ എന്നിവരും ആശംസയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇത് കൂടാതെ താരത്തിന്റെ ആരാധകരും കമന്റ് ബോക്‌സിൽ ആശംസകളുമായെത്തി.
റിപ്പോർട്ടുകൾ അനുസരിച്ച് ഡിസ്നി+ ഹോട്ട്സ്റ്റാറുമായി സഹകരിച്ചാണ് SRK+ എത്തുന്നത്. നിലവിൽ നെറ്റ്ഫ്ലിക്സ് സീരീസായ ബാർഡ് ഓഫ് ബ്ലഡ്, ബീറ്റാൽ എന്നിവയുടെ നിർമ്മാതാവാണ് ഷാരൂഖ് ഖാൻ. അടുത്ത വർഷം ജനുവരി 25 ന് റിലീസ് ചെയ്യുന്ന പത്താൻ ആണ് കിംഗ് ഖാന്റെ അടുത്ത ബോളിവുഡ് സിനിമ.