ഡല്‍ഹി; ലോകത്തിന്റെ വിവിധ ഭാ ഗങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി റിപ്പോര്‍ട്ട്. ഏഷ്യയില്‍ ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാജ്യം ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തില്‍ നിന്ന് ഇന്ത്യ കരകയറിത്തുടങ്ങിയിട്ട് വളരെ ചുരുക്കം നാളുകളെ ആകുന്നുള്ളു.
ചൈനയില്‍ വളരെ പതുക്കെയാണ് പുതിയ തരംഗം പടരുന്നത്. എന്നിരുന്നാലും ചൈനയിലെ നിരവധി സ്ഥലങ്ങളില്‍ പുതിയതായി കോവിഡ് റിപ്പോര്‍ച്ച് ചെയ്തു. എന്നാല്‍ ദക്ഷിണ കൊറിയയില്‍ ഇത് വളരെ വേഗതയിലാണ് പടരുന്നത്. കഴിഞ്ഞ ദിവസം മാത്രം 621,328 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കോവിഡിന്റെ പുതിയ വകഭേദം ബിഎ.2 യൂറോപ്പിന്റെ ചിലയിടങ്ങളില്‍ രൂപം കൊണ്ടിട്ടുണ്ട്. പ്രധാനമായും ജര്‍മ്മനിയിലും ഓസ്ട്രിയയിലും ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദത്തേക്കാള്‍ വേഗത്തിലാണ് ഇത് പകര്‍ന്ന് പിടിക്കുന്നത്. യൂറോപ്പില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും സജീവമാക്കണമെന്ന് ജര്‍മ്മന്‍ ആരോഗ്യ മന്ത്രി കാള്‍ ലൗട്ടര്‍ബാക്ക് പറഞ്ഞു. ഇല്ലെങ്കില്‍ വീണ്ടും നിരവധി മരണങ്ങള്‍ ഇതുമൂലം സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ യൂറോപ്പില്‍ കോവിഡിന്റെ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ട് വരുകയാണ്. ഫ്രാന്‍സില്‍ നിലവില്‍ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധം അല്ല. ഇം ഗ്ലണ്ടിലാകട്ടെ കഴിഞ്ഞ വ്യാഴാഴ്ചയോടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചിരുന്നു. അതേ സമയം ഇറ്റലിയിലും രോഗം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് കൂടുതലായും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 120,000 കുട്ടികള്‍ ഇവിടെ ക്വാറന്റൈനില്‍ ആണ്. തെക്കന്‍ പട്ടണമായ സെര്‍ച്ചിയാര ഡി കാലാബ്രിയയില്‍ വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ കാരണം മേയര്‍ ഈ ആഴ്ച എല്ലാ സ്കൂളുകളും അടച്ചിടാന്‍ തീരുമാനിച്ചു.
യുഎസിലും കോവിഡ് വര്‍ദ്ധിച്ചു വരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാര്‍ച്ച് മാസത്തില്‍ കോവിഡ് കേസില്‍ ഇരട്ടി വര്‍ദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം നീക്കി ഓഫീസ് ജോലി ആരംഭിച്ചിരുന്നു. ഇവിടെ പലയിടങ്ങളിലും ഇപ്പോള്‍ മാസ്ക് ധരിക്കുന്നതില്‍ നിര്‍ബന്ധം ഇല്ല. പുതിസ സംഭവ വികാസങ്ങളെ വളരെ ജാഗ്രതയോടെയാണ് ആരോഗ്യ മേഖല നോക്കിക്കാണുന്നത്.