COVID-19 കേസുകളിലെ ഒമിക്‌റോണിന്റെ കുതിച്ചുചാട്ടത്തെ നേരിടാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊതുജനാരോഗ്യ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ജനുവരിയിലെ വിൽപ്പനയിൽ വർദ്ധനവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ജനുവരിയിൽ റീട്ടെയിൽ വിൽപ്പന 3.2 ശതമാനം ഉയർന്ന് 58.9 ബില്യൺ ഡോളറിലെത്തുന്നതിനു പുതിയ കാർ ഡീലർമാരുടെ ഉയർന്ന വിൽപ്പന സഹായിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
“ജനുവരിയിലെ കനേഡിയൻ റീട്ടെയിലർമാർക്ക് സന്തോഷകരമായ പുതുവർഷമായിരുന്നു, പാൻഡെമിക് നിയന്ത്രണങ്ങളുടെ ദുരിതത്തിനിടക്കും കനേഡിയൻമാർ ധാരാളം ഷോപ്പിംഗ് നടത്തി,” സിഐബിസി ചീഫ് ഇക്കണോമിസ്റ്റ് ആവേരി ഷെൻഫെൽഡ് വെള്ളിയാഴ്ച ഒരു കുറിപ്പിൽ എഴുതി.
മോട്ടോർ വെഹിക്കിൾ, പാർട്സ് ഡീലർമാരുടെ വിൽപ്പന 5.3 ശതമാനം ഉയർന്നു. പുതിയ കാർ ഡീലർമാരിൽ 5.5 ശതമാനം വർധനയും യൂസ്ഡ് കാർ ഡീലർമാരിൽ 9.7 ശതമാനം വർധനയും ഉണ്ടായി. മോട്ടോർ വാഹന, പാർട്‌സ് ഡീലർമാർ, പെട്രോൾ സ്‌റ്റേഷനുകൾ എന്നിവയൊഴികെ ചില്ലറ വിൽപ്പന 2.9 ശതമാനം ഉയർന്നു.
വോളിയം കണക്കിലെടുത്താൽ, മൊത്തത്തിലുള്ള റീട്ടെയിൽ വിൽപ്പന ജനുവരിയിൽ 2.9 ശതമാനം ഉയർന്നതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.