ബെംഗളൂരു: പരിക്കിൽ നിന്ന് മുക്തനായ ഓള്‍റൗണ്ടര്‍ ഹർദിക് പാണ്ഡ്യ ബിസിസിഐയുടെ യോ യോ ടെസ്റ്റിൽ വിജയിച്ചു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലായിരുന്നു ശാരീരികക്ഷമതാ പരിശോധന. ഇതോടെ ഐപിഎല്ലിൽ ഹർദിക് ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുമെന്നുറപ്പായി. ഇതേസമയം ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ യോ യോ ടെസ്റ്റിൽ പരാജയപ്പെട്ടു. 16.5 പോയിന്‍റാണ് ടെസ്റ്റ് ജയിക്കാൻ വേണ്ടത്. പൃഥ്വിക്ക് 15 പോയിന്‍റേ കിട്ടിയുള്ളൂ. എങ്കിലും ഐപിഎല്ലിൽ കളിക്കാൻ പൃഥ്വിക്ക് തടസമുണ്ടാവില്ല.
ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഹര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. താരം 135 കിലോമീറ്റര്‍ വേഗം കണ്ടെത്തി. യോ യോ ടെസ്റ്റില്‍ 17 പോയിന്‍റിലധികം ഹര്‍ദിക്കിന് ലഭിക്കുകയും ചെയ്‌തു. ഹര്‍ദിക് പാണ്ഡ്യ മാത്രമല്ല, അടുത്ത ടി20 ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ ഒരുക്കുന്നതിന്‍റെ ഭാഗമായി നിരവധി താരങ്ങളെ എന്‍സിഎയിലേക്ക് വിളിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ക്യാംപിലുണ്ടായിരുന്നു. ഐപിഎല്ലിന് മുമ്പ് താരങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പിക്കുകയാണ് ബിസിസിഐയുടെ പദ്ധതി.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് 15 കോടി രൂപ മുടക്കിയാണ് ഹര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയത്. മെഗാതാരലേലത്തിന് മുമ്പ് ഹര്‍ദിക്കിനെ ക്യാപ്റ്റനായി ഫ്രാഞ്ചൈസി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സില്‍ നിര്‍ണായക താരമായിരുന്നെങ്കിലും ക്യാപ്റ്റന്‍സി പരിചയം ഹര്‍ദിക്കിനില്ല.
കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഹര്‍ദിക് ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. ബാറ്റിംഗില്‍ സമീപകാലത്ത് മോശം ഫോമിലുള്ള ഹര്‍ദിക് പാണ്ഡ്യ പരിക്കിനെത്തുടര്‍ന്ന് പന്തെറിയാത്തത് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. ബാറ്റര്‍ എന്ന നിലയില്‍ കളിച്ച മത്സരങ്ങളില്‍ തിളങ്ങാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞതുമില്ല. ഇതിന് പിന്നാലെ ഐപിഎല്‍ മെഗാതാരലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക്കിനെ കൈവിടുകയായിരുന്നു. ഇതോടെയാണ് ലേലത്തില്‍ ഹര്‍ദിക്കിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. ലക്സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്.
വാംഖഢെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ 2022ന് കര്‍ട്ടന്‍ ഉയരുക. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങളെല്ലാം. 65 ദിവസം നീണ്ടുനില്‍ക്കുന്ന വരും സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.