Sunday, August 31, 2025

പാകിസ്ഥാനിൽ പാളയത്തിൽ പട , ഇമ്രാൻ തെറിക്കും, 28ന് അവിശ്വാസപ്രമേയ വോട്ടെടുപ്പ്

ഇസ്ലാമബാദ് : പാകിസ്ഥാനിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ദുർഭരണവും ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് ഡസൻ ഭരണകക്ഷി എം. പി മാർ പരസ്യമായി കലാപക്കൊടി ഉയർത്തിയതോടെ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കസേര തെറിക്കാൻ കളമൊരുങ്ങി. അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ നാളെ പാർലമെന്റ് സമ്മേളനം തുടങ്ങും. 28ന് നടക്കുന്ന വോട്ടെടുപ്പിൽ തോറ്റാൽ ഇമ്രാൻ രാജിവയ്ക്കേണ്ടിവരും.
ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടിയിലെ ( പി. ടി. ഐ )​ 24 എം. പിമാരാണ് ഇമ്രാന്റെ രാജി ആവശ്യപ്പെട്ട് മറുകണ്ടം ചാടാൻ നിൽക്കുന്നത്. അതേസമയം,​ അധികാരത്തിൽ തുടരാൻ ബലപ്രയോഗത്തിനും മടിക്കില്ലെന്ന് ഭീഷണി മുഴക്കിയ ഇമ്രാൻ ഇന്നലെ പാക് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ പട്ടാളം ഇമ്രാനൊപ്പം നിൽക്കുമോ എന്ന് വ്യക്തമല്ല.
വോട്ടെടുപ്പിന്റെ തലേന്ന് ( മാർച്ച് 27)​ പാക് പാർലമെന്റിന് മുന്നിൽ 10ലക്ഷം പാർട്ടിപ്രവർത്തകരുടെ മാർച്ച് സംഘടിപ്പിക്കുമെന്നും ഇമ്രാൻ പ്രഖ്യാപിച്ചു. ഭരണകക്ഷിക്കെതിരായ പാർട്ടികളുടെ ഗ്രൂപ്പായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റും അന്നേ ദിവസം മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും കൂടിയാകുമ്പോൾ തെരുവുയുദ്ധത്തിൽ കലാശിക്കുമെന്ന ആശങ്കയുണ്ട്.
പ്രതിപക്ഷ കക്ഷികളായ പാകിസ്ഥാൻ മുസ്ലീം ലീഗ് – നവാസ് (പി. എം. എൽ – എൻ )​,​ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ( പി. പി. പി )​ എന്നീ പാർട്ടികളിലെ നൂറോളം എം. പിമാരാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. പാക് പാർലമെന്റായ ദേശീയ അസംബ്ലിയുടെ സെക്രട്ടേറിയേറ്റിൽ പ്രതിപക്ഷം ഈ മാസം 8ന് അവിശ്വാസ പ്രമേയം സമർപ്പിച്ചു കഴിഞ്ഞു. ഇമ്രാന്റെ തിരിച്ചടി ഭയന്ന് വിമത എം. പിമാർ ഇസ്ലാമബാദിൽ സിന്ധ് പ്രവിശ്യാ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള സിന്ധ് ഹൗസിൽ കഴിയുകയാണ്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയാണ് സിന്ധിലെ ഭരണകക്ഷി. ഇമ്രാന്റെ പാർട്ടി അംഗങ്ങൾ സിന്ധ് ഹൗസിലേക്ക് മാർച്ച് നടത്തുകയും ഗേറ്റ് തകർത്ത് അകത്ത് കടക്കുകയും ചെയ്തു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം,​ സിന്ധ് ഭരണകൂടം തങ്ങളുടെ എം. പി മാരെ കോഴ നൽകി തട്ടിക്കൊണ്ടു പോയതാണെന്ന് ഇമ്രാന്റെ കക്ഷി ആരോപിച്ചു. പാർലമെന്റംഗങ്ങളെ വിലയ്ക്കു വാങ്ങുന്ന സിന്ധ് ഭരണകൂടത്തെ പിരിച്ചു വിട്ട് ഗവർണർ ഭരണം ഏർപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രി ഷെയിക്ക് റഷീദ് ഇമ്രാനോട് ആവശ്യപ്പെട്ടു. 2018ലാണ് ഇമ്രാൻ അധികാരത്തിൽ എത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!