ജനീവ: ലോകമാകെ കൊവിഡ് വ്യാപനം ശക്തമായിട്ട് ഏകദേശം രണ്ട് വർഷം പിന്നിട്ടിരിക്കുന്നു. ലക്ഷക്കണക്കിന് പേരാണ് രോഗം വന്ന് മരിച്ചത്. രോഗം ബാധിച്ചവർ ഇന്ത്യയിൽ തന്നെ കോടികളുണ്ട്. രോഗത്തിന്റെ ആവിർഭാവമുണ്ടായ ചൈനയിൽ പല നഗരങ്ങളിലും ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ചെയ്യുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കൊവിഡ് സംബന്ധമായി വ്യാജ വാർത്തകളും വിവരങ്ങളും ഔദ്യോഗികമെന്ന പേരിൽ പ്രചരിക്കുന്നതിന് ഒരു കുറവുമില്ല.
ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കൽ വിഭാഗം അധികാരിയായ മരിയാ വാൻ കെർഖോവ് ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ കരുതിയിരിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം കഴിഞ്ഞു, ഒമിക്രോൺ കൊവിഡിന്റെ അവസാന വകഭേദമാണ്, നേർത്ത ലക്ഷണങ്ങളേ ഒമിക്രോണിനുളളു അതിനാൽ രോഗം ഗുരുതരമാകില്ല. ഇത്തരം പലവിധ തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ടെന്ന് മരിയാ പറയുന്നു. ഇത് സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനും ജനങ്ങളെ ഇളക്കിവിട്ട് വൈറസിന് കൂടുതൽ പെരുകാനും ഇടവരുന്നു.
രോഗവ്യാപനം ഗുരുതരമാകാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനും വാക്‌സിനേഷൻ സഹായിക്കുന്നു. കൊവിഡിന്റെ ബിഎ2 എന്ന വകഭേദമാണ് വളരെയധികം പടർന്നുപിടിക്കുന്നത്. ഇത്കാരണം വലിയ അളവിൽ ആശുപത്രിവാസവും മരണവും സംഭവിക്കുന്നുണ്ട്. കഴിഞ്ഞയാഴ്‌ചയിൽ രോഗവ്യാപനത്തിന് ഒറ്റയടിക്ക് എട്ട് ശതമാനത്തിന്റെ വർദ്ധനയുണ്ടായി. 1.1 കോടി പുതിയ കേസുകളാണുണ്ടായത്. ദക്ഷിണ കൊറിയ, ചൈന ഭാഗങ്ങളിൽ യഥാക്രമം 25 ശതമാനവും 27 ശതമാനവും കേസുകളും മരണവും വർദ്ധിച്ചു. ഓസ്‌ട്രിയ, ജർമ്മനി, സ്വിറ്റ്‌സർലാന്റ്, നെതർലാന്റ്, ബ്രിട്ടൺ എന്നിവിടങ്ങളിൽ ഉടൻ കേസുകൾ വർദ്ധിക്കുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.